താമരശേരിലെ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ ആദ്യ അറസ്റ്റ്, പിടിയിലായത് വിദേശത്തേക്ക് കടക്കാൻ ശ്രമിക്കവേ

news image
Oct 25, 2022, 10:21 am GMT+0000 payyolionline.in

കോഴിക്കോട് : താമരശേരിയിൽ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ അറസ്റ്റിൽ. മലപ്പുറം പുത്തനത്താണി സ്വദേശി മുഹമ്മദ് ജൗഹറാണ് അറസ്റ്റിലായത്. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നാണ് ഇയാൾ പിടിയിലായത്. കാറിലെത്തിയ സംഘമാണ് സ്‌കൂട്ടർ യാത്രക്കാരനായ താമരശ്ശേരി അവേലം സ്വദേശി മുരിങ്ങാം പുറായിൽ അഷ്റഫിനെ (55) തട്ടിക്കൊണ്ട് പോയത്. താമരശ്ശേരി -മുക്കം റോഡിൽ വെഴുപ്പൂർ സ്കൂളിന് സമീപം വച്ചായിരുന്നു സംഭവം. ടാറ്റാ സുമോയിലും, മറ്റൊരു കാറിലുമായെത്തിയ സംഘമാണ് സ്കൂട്ടർ തടഞ്ഞു നിർത്തി യാത്രക്കാരനെ കാറിലേക്ക് കയറ്റിയത്.

അഷ്റഫിനെ തട്ടികൊണ്ടു പോകാൻ ഉപയോഗിച്ച ഈ വാഹനം ഓടിച്ചത് ഇന്ന് അറസ്റ്റിലായ മുഹമ്മദ് ജൌഹറാണെന്നാണ് പൊലീസിന് കിട്ടിയ വിവരം. തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്തതിലും ഇയാൾക്ക് പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. തട്ടിക്കൊണ്ടുപോയി മൂന്ന് ദിവസം കഴിഞ്ഞിട്ടും അഷ്റഫിനെ കുറിച്ച് വ്യക്തമായ വിവരം പൊലീസിന് ലഭിച്ചിട്ടില്ല. സിസിടിവി ദൃശ്യങ്ങളും ദൃക്സാക്ഷി മൊഴികളും അടിസ്ഥാനമാക്കി ഊര്‍ജ്ജിതമായി അന്വേഷണം നടത്തിയിട്ടും അഷ്റഫ് എവിടെയെന്ന് കണ്ടെത്താനായിട്ടില്ലെന്നത് പൊലീസിന് തിരിച്ചടിയാകുകയാണ്.

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ അലി ഉബൈറാന്‍റെ നേതൃത്വത്തിലുളള സംഘമാണ് അഷ്റഫിനെ തട്ടികാണ്ടുപോയതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളുടെ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചായിരുന്നു തട്ടിക്കൊണ്ടുപോകാനുളള വാഹനങ്ങളിലൊന്ന് വാടകയ്ക്ക് എടുത്തത്. അലി ഉബൈറാന്‍റെ സഹോദരന്‍ അടക്കമുളളവരെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. കണ്ടാലറിയാവുന്ന നാല് പേര്‍ക്ക് എതിരെയാണ് നിലവില്‍ കേസ് എടുത്തിട്ടുളളത്. തട്ടിക്കൊണ്ടുകാന്‍ ഉപയോഗിച്ച വാഹനങ്ങളിലൊന്നായ സുമോ കാര്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. മറ്റൊരു വാഹനമായ സ്വിഫ്റ്റ് കാര്‍ മലപ്പുറം കോട്ടക്കലിന് സമീപം ഇന്ന് രാവിലെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. അലി ഉബൈറാനും അഷ്റഫിന്‍റെ ഭാര്യ സഹോദരനും തമ്മിലുളള പണം ഇടപാടുകള്‍ സംബന്ധിച്ച തര്‍ക്കമാണ് തട്ടിക്കൊണ്ട് പോകലിലേക്ക് നയിച്ചതെന്നാണ് സൂചന. അഷ്റഫിനെ പാര്‍പ്പിച്ചിട്ടുളള രഹസ്യ കേന്ദ്രം കണ്ടെത്താനായി മലപ്പുറം കോഴിക്കോട് ജില്ലകളിലാണ് നിലവില്‍ അന്വേഷണ സംഘം തിരച്ചില്‍ നടത്തുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe