ഡോ. വന്ദനയുടെ വീട് സന്ദർശിച്ച് എം വി ഗോവിന്ദൻ, ‘ശക്തമായ നിയമ നടപടികളുമായി മുന്നോട്ടു പോകും’

news image
May 12, 2023, 12:57 pm GMT+0000 payyolionline.in

കോട്ടയം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വച്ച് കൊല്ലപ്പെട്ട വന്ദനയുടെ വീട് സന്ദ‍ർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. ജനകീയ പ്രതിരോധ ജാഥയുടെ ഘട്ടത്തിൽ തന്നെ ഡോക്ടർമാർ തന്നോട് ആശുപത്രി സംരക്ഷണ നിയമം വേണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന് എം വി ​ഗോവിന്ദൻ പറഞ്ഞു. എന്നാൽ കഴിഞ്ഞ നിയമസഭ സമ്മേളനത്തിൽ അതിന് കഴിഞ്ഞില്ല. ശക്തമായ നിയമ നടപടികളുമായി മുന്നോട്ടു പോകും.

തിരുവഞ്ചൂരിന്റെ ഗ്ലിസറിൻ പരാമർശം പ്രതിപക്ഷത്തിന്റെ ഗവൺമെന്റ് വിരുദ്ധ പ്രചാരവേലയെന്നും അതിനോട് പ്രതികരിക്കാനില്ലെന്നും എം വി ​ഗോവിന്ദൻ കൂട്ടിച്ചേർത്തു. ഗ്ലിസറിൻ തേച്ചാണ് വീണജോർജ് വന്ദനയുടെ മൃതദേഹത്തിനരികിൽ കരഞ്ഞതെന്ന് മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആരോപിച്ചിരുന്നു. മന്ത്രിയുടേത് കഴുത കണ്ണീരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

അതേസമയം ആരോ​ഗ്യവകുപ്പിന് വലിയ വിമർശനമാണ് ഉയരുന്നത്. കുത്തേറ്റ ഡോക്ടർ വന്ദനയെ അടിയന്തര ചികിത്സയ്ക്കായി 70 കി.മീ ദൂരെയുളള സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോകേണ്ടി വന്നത് സര്‍ക്കാര്‍ ആശുപത്രികളുടെ ദയനീയാവസ്ഥ വരച്ചുകാട്ടുന്നുവെന്ന് കെപിസിസി പ്രസിഡന്‍റ്  കെ സുധാകരന്‍ കുറ്റപ്പെടുത്തിയത്. ഒരു ഡ്യൂട്ടി ഡോക്ടര്‍ക്ക് ഇതാണു സംഭവിക്കുന്നതെങ്കില്‍ സാധാരണക്കാരുടെ അവസ്ഥ എത്ര ഭയാനകമായിരിക്കമെന്ന് അദ്ദേഹം ചോദിച്ചു.

യാതൊരു ചികിത്സാ സൗകര്യങ്ങളുമില്ലാത്ത സംസ്ഥാനത്തെ 150 കാഷ്വാലിറ്റികളില്‍ രാപകല്‍ ജോലിചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകരുടെ ജീവന്‍ വച്ചുള്ള കളിയാണ് നടക്കുന്നത്. ഗ്ലിസറിന്‍ കരച്ചിലിനു പകരം വീഴ്ച ഏറ്റുപറഞ്ഞ്, ജനങ്ങളോടും ആ കുടുംബത്തോടും  മാപ്പിരന്ന് അന്തസായി രാജിവയ്ക്കുകയാണ് ആരോഗ്യമന്ത്രി ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe