ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെ ഹണിട്രാപ്പിൽപ്പെടുത്തി പണം കവർന്നു; തൃശ്ശൂരിൽ യുവതിയും സുഹൃത്തുക്കളും അറസ്റ്റിൽ

news image
Jun 14, 2023, 4:55 pm GMT+0000 payyolionline.in

തൃശൂർ: ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ യുവതി ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ. രാമമംഗലം കിഴുമുറി കോളനിയിൽ തെക്കപറമ്പിൽ താമസിക്കുന്ന തൃശൂര്‍ പെരിഞ്ഞനം തേരുപറമ്പില്‍ പ്രിൻസ് (23), ഇയാളുടെ പങ്കാളി അശ്വതി (25), കൊട്ടാരക്കര നെടുവത്തൂർ മൂഴിക്കോട് ആര്യഭവനിൽ അനൂപ് (23) എന്നിവരെയാണ് പുത്തൻകുരിശ് പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളത്തുള്ള ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന യുവാവിനെയാണ് തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് പണം കവർന്നത്. ഡേറ്റിങ് ആപ്പിലൂടെ യുവാവ് അനു എന്ന പേരുള്ള വ്യക്തിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. താൻ കോലഞ്ചേരി സ്വദേശി ആണെന്നാണ് അനു പരിചയപ്പെടുത്തിയത്. ബെം​ഗളൂരുവിൽ കോളേജിൽ പഠിക്കുകയാണെന്നും ഇപ്പോൾ നാട്ടിലുണ്ടെന്നും വന്നാൽ നേരിൽ കാണാമെന്നും പറഞ്ഞ് മെസേജ് അയച്ചു.

കോലഞ്ചേരിയിലെ ബസ് സ്റ്റോപ്പിലെത്തിയ യുവാവിനെ കാറിൽ എത്തിയ രണ്ട് പ്രതികൾ ബലമായി പിടിച്ചു കയറ്റി. സഹോദരിക്ക് മെസേജ് അയച്ചതിന് പൊലീസിൽ പരാതി കൊടുക്കുമെന്ന് പറഞ്ഞ് മർദ്ദിച്ച് ഭീഷണിപ്പെടുത്തി 23000 രൂപ അക്കൗണ്ട് വഴിയും പേഴ്‌സിലെ പണവും കവർന്ന ശേഷം റോഡിൽ ഉപേക്ഷിച്ചു പോവുകയായിരുന്നു. വീട്ടിലേക്ക് പോയ ചെറുപ്പക്കാരൻ സുഹൃത്തുക്കളോട് ഇക്കാര്യം പറയുകയും പരാതി നൽകുകയും ചെയ്തു. തുടർന്ന് പുത്തൻകുരിശ് ഡിവൈ.എസ്.പി ടി.പി. വിജയന്‍റെ നേതൃത്വത്തിൽ അന്വേഷണ സംഘം രൂപീകരിച്ചു. നഗരത്തിലെ സിസിടിവി ക്യാമറകൾ പരിശോധിച്ച്  പ്രതികൾ വന്ന വാഹനം തിരിച്ചറിഞ്ഞു. ഏറെ നേരത്തെ ചേസിങ്ങിനൊടുവിലാണ് പ്രതികളെ പിടികൂടിയത്. ഒടുവിൽ രാമമംഗലം പാലത്തിൽ സമീപം സാഹസികമായി പ്രതികളെ കീഴടക്കുകയായിരുന്നു.

മൂന്നുപേരും വർഷങ്ങളായി ബാംഗ്ലൂരിലും ഗോവയിലും ആയി താമസിച്ചു വരികയായിരുന്നു. 2021 മുതൽ ഇവർ സോഷ്യൽ മീഡിയ വഴി പരിചയപ്പെടുന്നവരെ ഭീഷണിപ്പെടുത്തി പണം വാങ്ങുന്നതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. എറണാകുളത്ത് ജോലി ചെയ്യുന്ന ഒരു സ്വകാര്യ കമ്പനി ജീവനക്കാരനെ ഭീഷണിപ്പെടുത്തി സ്വർണവും എടിഎമ്മിൽ നിന്ന് 19000 രൂപയും കൈക്കലാക്കിയതായി അന്വേഷണത്തിൽ തെളിഞ്ഞതിനെ തുടർന്ന് മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe