പയ്യോളി: ഗാന്ധി ജയന്തി പ്രമാണിച്ച് പയ്യോളി മേഖല പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ നേതൃത്വത്തിൽ 9എം എം ബെരേറ്റ എന്ന നോവലിനെ കുറിച്ചുള്ള ചർച്ച സംഘടിപ്പിച്ചു. ഡോ ആർ.കെ.സതീഷ് അധ്യക്ഷത വഹിച്ചു. അധ്യക്ഷ പ്രസംഗത്തിൽ ഭീകരവാദി എന്ന പൊതു സങ്കൽപത്തെ അട്ടിമറിക്കുന്ന എഴുത്തെന്ന് പുസ്തകത്തെ കുറിച്ച് തന്റെ വായനാ അനുഭവത്തിൽ നിന്നും അദ്ദേഹം പറഞ്ഞു. വെറുപ്പിന്റെ ആശയം എങ്ങനെയാണ് വ്യാപിക്കുന്നതെന്ന് ഗ്രാംഷിയെ ഉദ്ധരിച്ച് കൊണ്ട് അദ്ദേഹം സൂചിപ്പിച്ചു. പുതിയ കാലത്തെ ഡിജിറ്റൽ ആർമിയുടെ പ്രവർത്തനം നോവലിൽ അവതരിപ്പിച്ചിരിക്കുന്നതിനെ കുറിച്ചും അദ്ദേഹം കൂട്ടിച്ചേർത്തു.
പുസ്തകത്തെ പരിചയപ്പെടുത്തികൊണ്ട് സി ഡി എസിലെ ഗവേഷക വിദ്യാർത്ഥിയായ ശബ്നമാണ് സംസാരിച്ചത്. ചരിത്രത്തെയും വർത്തമാനത്തെയും ചേർത്ത് വെച്ച് രചിച്ച നോവൽ ഒരു സാഹിത്യ രചനയുടെ സൗന്ദര്യാത്മകതയോട് കൂടി തന്നെ കൃത്യമായ രാഷ്ട്രീയ നോവലാണെന്ന് പുസ്തകത്തെ പരിചയപ്പെടുത്തി കൊണ്ട് പറഞ്ഞു. നോവലിന്റെ ആദ്യാവസനം വരെ അപഗ്രഥിച്ച് കൊണ്ട്, ഗാന്ധി വധത്തെ മുൻനിർത്തി എഴുതിയ ഈ നോവലിൽ, എല്ലാ അപരാധങ്ങളുടേയും അടിസ്ഥാനമായി പ്രവർത്തിക്കുന്നത് ജാതി മേൽകോയ്മയാണെന്നും, മറ്റു മനുഷ്യരൊക്കേയും അതിന്റെ ഇരകൾ മാത്രമായി തീരുന്നത് എങ്ങനെയാണെന്ന യാഥാർത്ഥ്യത്തെ വായനക്കാരെ അനുഭവപ്പെടുത്തുവാൻ 9എം എം ബെരേറ്റ എന്ന നോവലിന് സാധിച്ചുവെന്ന് ശബ്നം പറഞ്ഞു. വെറുപ്പിന്റെ രാഷ്ട്രീയവും, പകയുടെയും ഗൂഢാലോചനയുടെയും തീവ്രതയും, ശക്തമായ കഥാപാത്രങ്ങളിലൂടെ നോവലിസ്റ്റ് അവതരിപ്പിക്കുന്നതും നോവലിലെ സ്ത്രീ കഥാപാത്രങ്ങളുടെ വിശകലനവും ശബ്നം വിശദീകരിച്ചു. ഈ പുസ്തകത്തിന്റെ രചന ഒരു ധീരമായ രാഷ്ട്രീയ പ്രവർത്തനമായിരിക്കുന്നത് പോലെ തന്നെ ഇതിന്റെ വായനയും ചർച്ചയും സംവാദങ്ങളും പ്രചരണവും രാഷ്ട്രീയ പ്രവർത്തനമാണെന്നും, നോവൽ എങ്ങനെ വിശാല ഐക്യത്തിന്റെ ആലോചനകളിലേക്ക് വഴി തുറക്കുന്നുവെന്നും ശബ്നം സൂചിപ്പിച്ചു.
ഗ്രന്ഥകാരനായ വിനോദ് കൃഷ്ണൻ നോവൽ എഴുതിയതിന്റെ കാരണവും, അനുഭവവും പങ്കു വെച്ചുകൊണ്ട്
സംസാരിച്ചു. വർത്തമാന കാലത്തെ പ്രതിസന്ധികൾക്കെതിരെയുള്ള പ്രതിരോധമായി ഉപയോഗിക്കാൻ തന്റെ കൈയിൽ ഉള്ള ഉപകരണം എഴുത്തായാതിനാൽ അത് ഉപയോഗിക്കുന്നു എന്നും, ഇക്കാലത്തെ സാഹിത്യമെന്നത് അനുഭൂതിയുടെ പ്രപഞ്ചം സൃഷ്ടിച്ചു മാത്രം നിലനിൽക്കേണ്ടതല്ലന്നും അദ്ദേഹം പറഞ്ഞു. വർഗ്ഗീയ രാഷ്ട്രീയം കലാകാരന്മാരെയും കായിക താരങ്ങളെയും ഹൈജാക്ക് ചെയ്യുന്നതും ഭാവിയിൽ സംഭവിക്കാൻ സാധ്യതയുള്ള വിപത്തുകളെ കുറിച്ച് രാഷ്ട്രീയ ജാഗ്രത പുലർത്തേണ്ടതിന്റെ ആവശ്യകതയും മുൻ നിർത്തി നോവലിസ്റ്റ് സംസാരിച്ചു. വി.കെ ജോബിഷ് മാഷ് , വി.പി രാമചന്ദ്രൻ , ചന്ദ്രൻ മുദ്ര തുടങ്ങിയവർ സംസാരിക്കുകയും തുടർന്ന് സദസ്സിൽ നിന്ന് പുസ്തകത്തെ സംബന്ധിച്ച ചർച്ചയും ഉണ്ടായി.