കോഴിക്കോട് ബസ് ഓടിക്കുന്നതിനിടെ ഫോണില്‍ സംസാരിച്ച ഡ്രൈവര്‍ക്കെതിരെ നടപടി; പിഴ ഈടാക്കി, ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ശുപാർശ

news image
Feb 13, 2023, 1:43 pm GMT+0000 payyolionline.in

കോഴിക്കോട്: ബസ് ഓടിക്കുന്നതിനിടെ കിലോമീറ്ററുകളോളം ഡ്രൈവർ മൊബൈൽ ഫോണിൽ സംസാരിച്ച സംഭവത്തിൽ നടപടി. കോഴിക്കോട് പരപ്പനങ്ങാടി റൂട്ടിലോടുന്ന സംസം ബസ് ട്രാഫിക് പൊലീസ് പിടികൂടി. രണ്ടായിരം രൂപ പിഴ ഈടാക്കി. പൊലീസ് ‍‍ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ മോട്ടോർ വാഹനവകുപ്പിന് ശുപാർശ ചെയ്തു.

യാത്രക്കാരുടെ ജീവന് പുല്ലുവില നൽകിയ സ്വകാര്യ ബസ് ഡ്രൈവർക്ക് ഒടുവിൽ പണി കിട്ടി. കോഴിക്കോട് പരപ്പനങ്ങാടി റൂട്ടിലോടുന്ന സംസം ബസ് ട്രാഫിക് പൊലീസ് പിടികൂടി. ഗുരുതര നിയമലംഘനത്തിന് രണ്ടായിരം രൂപ പിഴ ഈടാക്കി. ബസ് ഡ്രൈവർ മലപ്പുറം കൊടക്കാട് സ്വദേശി കെ വി സുമേഷിന്‍റെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ മോട്ടോർ വാഹനവകുപ്പിന് പൊലീസ് ശുപാർശ ചെയ്തു. നിയമലംഘനം ശ്രദ്ധയിൽപ്പെട്ട ഹൈവേ പെട്രോളിംഗ് വിഭാഗം ഇന്നലെ തന്നെ പിഴ ചുമത്തിയെന്നാണ് കോഴിക്കോട് ട്രാഫിക് അസി. കമ്മീഷണർ പറയുന്നത്.

സമൂഹമാധ്യമങ്ങളിലടക്കം സ്വകാര്യ ബസ്സുകളുടെ ഇത്തരം നിയമലംഘനത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. 7 കിലോമീറ്ററിന് ഇടയിൽ എട്ട് തവണയാണ് ഡ്രൈവര്‍ ഫോൺ ചെയ്തത്. ഈ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. വാഹനത്തിന്‍റെ പെർമിറ്റ് റദ്ദാക്കുന്നത് അടക്കം ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് മോട്ടോർ വാഹനവകുപ്പ് പറയുന്നത്. എന്നാൽ വെറും വിശദീകരണ നോട്ടീസിൽ മാത്രം നടപടി ഒതുക്കുന്നതാണ് ഉദ്യോഗസ്ഥരുടെ പതിവ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe