കൊച്ചിയില്‍ 279 വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ കേസ്, 4,67,500 രൂപ പിഴ ഈടാക്കി

news image
Jan 3, 2023, 1:24 pm GMT+0000 payyolionline.in

കൊച്ചി : ക്രിസ്മസ് കാലത്തോടനുബന്ധിച്ച് ലീഗല്‍ മെട്രോളജി വകുപ്പ് മധ്യമേഖലയിലെ വിവിധ ജില്ലകളിലെ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. എറണാകുളം, തൃശൂര്‍, പാലക്കാട്, ഇടുക്കി ജില്ലകളില്‍ നിയമ ലംഘനം കണ്ടെത്തിയ 279 വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്ത് 4,67,500 രൂപ പിഴ ഈടാക്കി.
ലീഗല്‍ മെട്രോളജി നിയമ പ്രകാരം ആവശ്യമായ രേഖപ്പെടുത്തലുകള്‍ ഇല്ലാത്ത ഉല്പന്ന പായ്ക്കറ്റുകള്‍ വില്‍പ്പനയ്ക്ക് പ്രദര്‍ശിപ്പിച്ചിരുന്ന ബേക്കറികള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, സ്റ്റേഷനറി കടകള്‍, ഇലക്ട്രോണിക് ഉപകരണ വില്പന കേന്ദ്രങ്ങള്‍ തുടങ്ങിയ 12 സ്ഥാപനങ്ങള്‍ക്കും യഥാ സമയം മുദ്ര പതിപ്പിക്കാതെ അളവ് തൂക്ക ഉപകരണങ്ങള്‍ ഉപയോഗിച്ചതിന് 17 വ്യാപാരസ്ഥാപനങ്ങള്‍ക്കും എതിരെയാണ് നടപടികള്‍ എടുത്തത്.


മുദ്ര പതിക്കാത്ത അളവു തൂക്ക ഉപകരണങ്ങള്‍ ഉപയോഗിക്കുക, അളവിലും തൂക്കത്തിലും കുറച്ച് വില്പന നടത്തുക, നിര്‍മ്മാതാവിന്റെ വിലാസം, ഉല്പന്നം പായ്ക്ക് ചെയ്യുന്ന തീയതി, ഉല്പന്നത്തിന്റെ തനി തൂക്കം, പരാമാവധി വില്പന വില എന്നിവ ഇല്ലാത്ത ഉല്പന്ന പായ്ക്കറ്റുകള്‍ വില്പന നടത്തുക, എം.ആര്‍.പിയേക്കാള്‍ അധിക തുക ഈടാക്കുക, എം.ആര്‍.പി തിരുത്തുക തുടങ്ങിയ നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിയായി 2022 ഡിസംബര്‍ 19ന് ആരംഭിച്ച സ്‌ക്വാഡുകളുടെ പരിശോധനയിലാണ് കേസുകള്‍ കണ്ടെത്തിയതെന്ന് മധ്യമേഖല ജോയിന്റ് കണ്‍ട്രോളര്‍ ജെ.സി ജീസണ്‍ അറിയിച്ചു.
ഡെപ്യൂട്ടി കണ്‍ട്രോളര്‍മാരായ ബി.ഐ സൈലാസ്, കെ.ഡി നിഷാദ്, എസ്.വി മനോജ് കുമാര്‍, കെ.സുജാ ജോസഫ്, സേവ്യര്‍ പി ഇഗ്‌നേഷ്യസ്, അനൂപ് വി ഉമേഷ്, എ.സി ശശികല, വിനോദ് കുമാര്‍, എസ്. ഷെയിക് ഷിബു, സി.ഷാമോന്‍ എന്നീ ഓഫീസര്‍മാരും പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe