കൊച്ചിയിലെ ആഴക്കടല്‍ ലഹരിവേട്ട കേസിലെ പ്രതിയുടെ അറസ്റ്റ് എവിടെ വെച്ച് ? വ്യക്തത തേടി കോടതി

news image
May 22, 2023, 2:00 pm GMT+0000 payyolionline.in

കൊച്ചി: പുറം കടലിൽ നിന്ന് ഇരുപത്തിയയ്യായിരം കോടിയുടെ ലഹരിമരുന്ന് പിടികൂടിയ സംഭവത്തിൽ കേന്ദ്ര നർക്കോട്ടിക് കൺട്രോൾ ബ്യൂറോയ്ക്ക് വിമർശനവുമായി കോടതി. ഇന്ത്യൻ സമുദ്രാതിർത്തിക്കുളളിൽ എവിടെ വെച്ചാണ് പാക് പൗരനെ പിടികൂടിയതെന്ന് വ്യക്തമാക്കണമെന്നാണ് ആവശ്യം. എൻസിബിയുടെ കസ്റ്റഡി അപേക്ഷ എറണാകുളം ജില്ലാ സെഷൻസ് നാളെ വീണ്ടും പരിഗണിക്കും.

മൂവായിരം കിലോയോളം തൂക്കമുളള മെത്താംഫിറ്റമിനാണ് നാവിക സേനയുടെ സഹായത്തോടെ കഴിഞ്ഞ 13 ന് കേന്ദ്ര നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് പാക് പൗരനായ സുബൈറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാളെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് എൻസിബി നൽകിയ അപേക്ഷയാണ് എറണാകുളം ജില്ലാ സെഷൻസ് കോടതി പരിഗണിച്ചത്. ഈ ഘട്ടത്തിലാണ് രാജ്യാന്തര സ്വഭാവമുളള കേസായതിനാൽ രേഖകളിൽ വ്യക്തത വേണമെന്ന് കോടതി ആവശ്യപ്പെട്ടത്.

ഇന്ത്യൻ സമുദ്രാതിർത്തിക്കുള്ളിൽ എവിടെ വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് കോടതിയിൽ സമർപ്പിച്ച രേഖകളിൽ വ്യക്തമാക്കുന്നില്ല. ഇന്ത്യൻ സമുദ്രാതിർത്തിക്കുള്ളിലാണെങ്കിലെ ഇന്ത്യൻ നിയമങ്ങൾ ബാധകമാകൂ. ഇക്കാര്യത്തിൽ വ്യക്തത വരുത്താനും ആവശ്യമായ രേഖകൾ ഹാജരാക്കാനും കോടതി കേന്ദ്ര അന്വേഷണ ഏജൻസിയോട് ആവശ്യപ്പെട്ടു. പ്രതിയെ കസ്റ്റഡിയിൽ വേണമെന്ന ആവശ്യമുന്നയിച്ച് നൽകിയ അപേക്ഷയിലാണ് വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ ആവശ്യപ്പെട്ടത്.

സുബൈറിനെ പിടികൂടിയത് ഇന്ത്യൻ സമുദ്രാതിർത്തിക്ക് വെളിയിലെന്നാണ് പ്രതിഭാഗം കോടതിയിൽ ഇന്ന് വാദം ഉന്നയിച്ചത്. പിടിയിലായ പ്രതിയുടെ പൗരത്വം സംബന്ധിച്ചും പ്രതിഭാഗം തർക്കം ഉയർന്നു. പാക് പൗരനെന്ന് എൻസിബി അവകാശപ്പെടുമ്പോൾ ഇറാൻ പൗരനെന്നാണ് മറുവാദം. മെത്താംഫെറ്റമിന്‍റെ ഉറവിടം, ലഹരികടത്ത് സംഘാംഗങ്ങള്‍, ലഹരിമരുന്നുമായി സഞ്ചരിച്ച വഴികള്‍ എന്നിവയടക്കം കണ്ടെത്തുന്നതിനാണ് പ്രതിയെ കസ്റ്റഡിയിൽ വേണമെന്നാണ് എൻസിബിയുടെ ആവശ്യം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe