പയ്യോളി: കീഴൂർ ശിവക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് തുടക്കം കുറിക്കുന്ന നെല്ലളവ് ചടങ്ങ് തിങ്കളാഴ്ച നടക്കും. രാവിലെ ഏഴിന് ക്ഷേത്രം പടിപ്പുരയിൽ വച്ച് മേനോനോക്കി എന്ന സ്ഥാനികൻ അടിയന്തരക്കാർക്കുള്ള നെല്ല് അളന്നു നൽകുന്ന ചടങ്ങാണ് ഇത്. തുടർന്ന് ഭക്തജനങ്ങളുടെ കൂട്ട പ്രാർത്ഥനയും നടക്കും.
നവംബർ 15ന് വൈകീട്ട് വെറ്റിലക്കെട്ട് വെപ്പ് എന്ന ചടങ്ങ് നടക്കും. ക്ഷേത്രത്തിലെ തിരുവായുധം പുറത്തേക്ക് എഴുന്നള്ളിക്കുവാനുള്ള അനുവാദം വാങ്ങുന്ന ചടങ്ങാണ് ഇത്. നവംബർ 30ന് കാലത്ത് കലശാഭിഷേകം ശ്രീഭൂതബലി വിശേഷാൽ പൂജകൾ എന്നിവയ്ക്ക് തന്ത്രി തരണനല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് മുഖ്യ കാർമികത്വം വഹിക്കും. അന്നേദിവസം രാത്രി അത്താഴപൂജക്ക് ശേഷം ചെട്ടിത്തറയിലേക്ക് മുല്ലക്കൽ പാട്ടിന് എഴുന്നള്ളിക്കും. എഴുന്നള്ളത്ത് ക്ഷേത്രത്തിൽ തിരിച്ചെത്തിയ ശേഷം പ്രകുഴം പാട്ട് എന്ന ചടങ്ങും നടക്കും. നവംബർ 17ന് കാലത്ത് ഭണ്ഡാരംവെപ്പും വൈകിട്ട് കീഴൂരിൽ ഇളനീർ കൊടുക്കൽ എന്ന ചടങ്ങും നടക്കും. ഇതോടെ ക്ഷേത്രോത്സവത്തിന് വ്രതം അനുഷ്ഠിക്കുന്നവരുടെ വ്രതാരംഭത്തിന് തുടക്കം ആവും.