കാണാതായ ബിജു ജോസഫിന്റെ മൃതദേഹം കണ്ടെത്തി, കാറ്ററിങ് ​ഗോഡൗണിലെ മാൻഹോളിൽ തള്ളിയ നിലയിൽ, മൃതദേഹം പുറത്തെടുത്തു

news image
Mar 22, 2025, 11:11 am GMT+0000 payyolionline.in

തൊടുപുഴ : തൊടുപുഴയിൽ നിന്ന് കാണാതായ ചുങ്കം സ്വദേശി ബിജു ജോസഫിന്റെ മൃതദേഹം കണ്ടെത്തി. ഗോഡൌണിലെ മാൻഹോളിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.  ഭിത്തിയടക്കം തുരന്ന് മൃതദേഹം പുറത്തെടുത്തു. ഇൻക്വസ്റ്റ് നടപടികൾക്കായി മാറ്റി.

വ്യാഴാഴ്ച പുലർച്ചെ വീട്ടിൽ നിന്നിറങ്ങിയ ബിജുവിനെ കാണാതാകുകയായിരുന്നു. ഇന്നലെ ബന്ധുക്കൾ കാണ്മാനില്ലെന്ന പരാതി തൊടുപുഴ പൊലീസിൽ നൽകി. പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ ബിജുവിന്റെ കാറ്ററിങ് ബിസിനസ് പങ്കാളിയടക്കം മൂന്ന് പേർ കസ്റ്റഡിയിലായി. ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കലയന്താനിയിലെ ഗോഡൌണിലെ  മാൻഹോളിലാണ് മൃതദേഹം കണ്ടെത്തിയത്. ഭക്ഷണാവശിഷ്ടങ്ങൾ തള്ളുന്ന മാലിന്യ സംസ്കരണ കുഴിയിലേക്ക് പോകുന്ന മാൻഹോളിനാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് മുകളിൽ മാലിന്യങ്ങൾ തള്ളിയ നിലയിലായിരുന്നു.

എറണാകുളത്ത് നിന്ന് കാപ്പ ചുമത്തി പുറത്താക്കപ്പെട്ട പ്രതിയിൽ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബിജു ജോസഫിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ ലഭിച്ചത്. ബിജുവിന്റെ വീടിന് സമീപത്ത് പിടിവലി നടന്നതിന്റെ ലക്ഷണങ്ങളുണ്ട്. പുലർച്ചെ ശബ്ദം കേട്ടിരുന്നതായി സമീപവാസികളും പൊലീസിന് വിവരം നൽകി. പൊലീസ് നടത്തിയ പരിശോധനയിൽ ബിജുവിന്റെ വസ്ത്രവും ചെരിപ്പും കണ്ടെടുത്തു. തുടർന്ന് ബിജുവിന്റെ ബന്ധുക്കളുമായി അന്വേഷണം നടത്തി.കലയന്താനി സ്വദേശിയായ ബിജുവിൻറെ പഴയ ബിസിനസ് പങ്കാളിയുമായി ബന്ധപ്പെടാൻ പോലീസ് ശ്രമിച്ചു. എന്നാൽ ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ ഉൾപ്പെടെ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിയിലുള്ളവരിൽ കൊട്ടേഷൻ സംഘങ്ങളുമുണ്ട്. മാൻ ഹോളിൽ മൃതദേഹം ഒളിപ്പിച്ചുവെന്നായിരുന്നു പ്രതികൾ പൊലീസിൽ നൽകിയ മൊഴി. പണമിടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് എത്തിയതെന്നാണ് പുറത്ത് വരുന്ന വിവരം. കേസിൽ ആകെ നാല് പ്രതികളാണുള്ളത്. ഇവരിൽ മൂന്ന് പേർ തൊടുപുഴ പൊലീസിന്റെ കസ്റ്റഡിയിലാണ്. അറസ്റ്റ് അടക്കം നടപടികളിലേക്ക് പൊലീസ് കടക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe