ഒറ്റനോട്ടത്തിൽ തോടുകളിലും കുളങ്ങളിലെയും മീൻപിടുത്തം, നടക്കുന്നത് ലഹരി വിൽപന, നാട്ടികയിൽ 21കാരൻ അറസ്റ്റിൽ

news image
May 6, 2026, 9:25 am GMT+0000 payyolionline.in

തൃശൂർ: നാട്ടികയിൽ ആറര കിലോ കഞ്ചാവും മാരകായുധങ്ങളും പിടികൂടിയ കേസിൽ ഒരാളെ കൂടി അറസ്റ്റിൽ. വലപ്പാട് കഴിമ്പ്രം തൊട്ടാരത്ത് നന്ദുകൃഷ്ണ (21)യാണ് അറസ്റ്റിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മീൻപിടിത്തക്കാരൻ എന്ന വ്യാജേന കഞ്ചാവ് വിൽപന നടത്തിയിരുന്ന നാട്ടിക ബീച്ച് സ്വദേശി പുഞ്ചപ്പാടത്ത് വിഷ്ണുവിനെ (37) വൻ ലഹരിമരുന്ന് ശേഖരവുമായി മാർച്ച് ഒമ്പതിന് റൂറൽ പൊലീസ് പിടികൂടിയിരുന്നു. വിഷ്ണുവിന്റെ വീടിന്റെ ടെറസിൽ ഒളിപ്പിച്ച നിലയിലായിരുന്നു ആറര കിലോ കഞ്ചാവും അഞ്ച് വടിവാളുകൾ, കത്തി, എയർഗൺ, ഡിജിറ്റൽ ത്രാസ് എന്നിവ കണ്ടെടുത്തത്.

നാട്ടിലെ തോടുകളിലും കുളങ്ങളിലും മീൻപിടിക്കാനെന്ന മട്ടിൽ പോയി ആളൊഴിഞ്ഞ സ്ഥലങ്ങളിൽ വച്ച് കഞ്ചാവ് കൈമാറുന്നതായിരുന്നു ഇവരുടെ രീതി. ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള ഡാൻസാഫ് ടീമും വലപ്പാട് പൊലീസും ചേർന്ന് നടത്തിയ മിന്നൽ പരിശോധനയിലാണ് വിഷ്ണു കുടുങ്ങിയത്. ഇയാൾക്ക് കഞ്ചാവ് എത്തിച്ചുനൽകിയിരുന്ന വലപ്പാട് സ്വദേശി പണിക്കവീട്ടിൽ മുഹമ്മദ് ഷെജി (30) എന്നയാളെ മാർച്ച് 14നും അറസ്റ്റ് ചെയ്തിരുന്നു. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന കാര്യം പൊലീസ് അന്വേഷിച്ചുവരികയാണ്. വലപ്പാട് പൊലീസ് എസ്.എച്ച്.ഒ. കെ. അനിൽകുമാർ, എസ്.ഐ. എബിൻ, സി.പി.ഒമാരായ ശ്രാവൺ, വിവേക്, ആദർശ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe