വീട് കുത്തിത്തുറന്ന് സ്വർണ്ണവും പണവും കവർന്നു; പ്രമുഖ മോഷണസംഘത്തിലെ കണ്ണികൾ പിടിയിൽ

news image
Aug 17, 2026, 3:10 pm GMT+0000 payyolionline.in

തൃശൂർ: വീട് കുത്തിത്തുറന്ന് സ്വർണ്ണവും പണവും കവർന്ന കേസിൽ കർണാടകയിൽ രണ്ടുപേർ പിടിയിൽ. കർണാടക കൊടു ചാമുണ്ഡി നഗർ സ്വദേശി പ്രസാദ് (48), മൈസൂർ എച്ച്.ഡി കോട്ട സ്വദേശി ‘ചോട്ടാ ഫയാസ്’ എന്ന് വിളിക്കുന്ന ഫയാസ് അഹമ്മദ് (57) എന്നിവരാണ് പിടിയിലായത്. കേരളം, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ നിരവധിയായ മോഷണക്കേസുകളിൽ ഉൾപ്പെട്ട പ്രമുഖ മോഷണസംഘത്തിലെ കണ്ണികളാണ് ഇവർ. ഒരു കവർച്ചാക്കേസിൽ കർണാടക പോലീസ് ആണ് ഇവരെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ കേരളത്തിൽ തൃശ്ശൂർ ജില്ലയിലെ ചാവക്കാട് ബ്ലാങ്ങാട് പൂട്ടിക്കിടുന്ന വീട്ടിൽ നിന്നും ആഭരണം കവർന്നത് ഇവരാണെന്ന് പറയുകയായിരുന്നു. തുടർന്നാണ് കർണാടക പോലീസ് ചാവക്കാട് പോലീസിനെ വിവരം നൽകുന്നത്.

പ്രതികളെ അടുത്ത ദിവസം ചാവക്കാട്ട് എത്തിക്കും. കഴിഞ്ഞ ജൂലൈ 12-ന് വൈകീട്ട് 4 മണിക്കും 8 മണിക്കും ഇടയിലാണ് സംഭവം നടക്കുന്നത്. ചാവക്കാട് ബ്ലാങ്ങാട് പള്ളത്ത് മനയ്ക്കൽ വീട്ടിൽ അബ്ദുൾ കരീമിൻറെ വീട്ടിലാണ് മോഷണം നടന്നത്. തൃശ്ശൂരിലുള്ള സുഹൃത്തിൻറെ വിവാഹത്തിൽ പങ്കെടുക്കാൻ കുടുംബസമേതം പോയി മടങ്ങിയെത്തിയപ്പോഴാണ് അബ്ദുൾ കരീം മോഷണവിവരം അറിയുന്നത്. വീട്ടിലെ സ്റ്റീൽ അലമാര തകർത്ത്, അതിലെ പ്രധാന അറയിൽ സൂക്ഷിച്ചിരുന്ന ആറര പവൻ സ്വർണം (സ്വർണ്ണ മോതിരങ്ങൾ, മാല, ലോക്കറ്റ്, സ്വർണ്ണ കോയിനുകൾ) 5,500 രൂപ എന്നിവയാണ് സംഘം കവർന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe