‘ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചവരാണ്’; ഹഫീഫയെ വീട്ടുകാരെത്തി കൊണ്ട് പോയി, പരാതിയുമായി പങ്കാളി സുമയ്യ ഷെറിൻ

news image
Jun 10, 2023, 1:09 am GMT+0000 payyolionline.in

മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിലെ സുമയ്യ, കൂട്ടുകാരി ഹഫീഫ. രണ്ട് പേരും ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചവരാണ്. മജിസ്ട്രേറ്റ് കോടതി അതിന് അനുമതി നൽകുകയും ചെയ്തു. എന്നാൽ, തന്‍റെ ലെസ്ബിയൻ പങ്കാളി ഹഫീഫയെ, കുടുംബം തടങ്കലിൽ വെച്ചിരിക്കുകയാണെന്ന പരാതിയുമായി എത്തിയിരിക്കുകയാണ് സുമയ്യ. ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകുകയും ചെയ്തു.

മലപ്പുറം കൊണ്ടോട്ടി പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന സുമയ്യ ഷെറിനും ഹഫീഫയും തമ്മിൽ രണ്ട് വർഷമായി സൗഹൃദത്തിലാണ്. ഇക്കഴിഞ്ഞ ജനുവരി 27ന് ഇരുവരും വീട് വിട്ട് ഒരുമിച്ച് താമസിക്കാൻ തുടങ്ങിയതോടെ ഹഫീഫയുടെ പിതാവ് കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിൽ മകളെ കാണാനില്ലെന്ന പരാതി നൽകി. എന്നാൽ, രണ്ട് ദിവസത്തിന് ശേഷം മലപ്പുറം മജിസ്ട്രേറ്റ് കോടതിയിൽ ഇരുവരും സ്വമേധയാ ഹാജരായി.

പ്രായപൂർത്തി ആയതിനാൽ സ്വന്തം ഇഷ്ടപ്രകാരം ഒരുമിച്ച് ജീവിക്കാനുള്ള അനുമതി ഇരുവരും വാങ്ങുകയും ചെയ്തു. എറണാകുളത്ത് എത്തി സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്ത് ഒരുമിച്ച് കഴിയവെ മെയ് മാസം മുപ്പതിന് വീട്ടുകാരെത്തി ഹഫീഫയെ ബലമായി കൊണ്ടുപോയി എന്നാണ് സുമയ്യ ആരോപിക്കുന്നത്.

ഹേബിയസ് കോർപ്പസ് ഹർജിയിൽ ഹഫീഫയെ ഇന്ന് ഹാജരാക്കാനാണ് കോടതി ആവശ്യപ്പെട്ടത്. എന്നാൽ ഹഫീഫ കോഴിക്കോട് ആയതിനാൽ പത്ത് ദിവസത്തെ സാവകാശം വേണമെന്ന് കുടുംബത്തിനായി അഭിഭാഷകൻ വാദിച്ചു. ഇത് കോടതി അംഗീകരിച്ചു. കൂടുതൽ ദിവസം വീട്ടിൽ നിർത്തിയാൽ ഹഫീഫയുടെ സുരക്ഷയെ ബാധിക്കുമെന്നാണ് സുമയ്യ ഷെറിൻ പറയുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe