ആധിപത്യം നിലനിർത്താൻ പുതിയ കരുനീക്കം; ബ്രിജ് ഭൂഷണെ പിന്തുണക്കുന്ന 18 പേർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

news image
Jul 31, 2023, 5:16 pm GMT+0000 payyolionline.in

ദില്ലി: ദേശീയ ​ഗുസ്തി ഫെഡറേഷനിൽ ആധിപത്യം നിലനിർത്താൻ കരുക്കൾ നീക്കി ബ്രിജ് ഭൂഷൺ. ബ്രിജ് ഭൂഷണെ പിന്തുണയ്ക്കുന്ന 18 പേ‌ർ നാമനിർദേശ പത്രിക സമർപ്പിച്ചു, പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരാളും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് 4 പേരും ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് 2 പേരും പത്രിക നൽകി. ബ്രിജ് ഭൂഷണും ബന്ധപ്പെട്ടവരും ​ഫെഡറേഷന്റെ സ്ഥാനങ്ങളിലേക്ക് മത്സരിക്കില്ലെന്നാണ് നേരത്തെ കേന്ദ്രസർക്കാർ ഉറപ്പു നൽകിയിരുന്നത്. തന്റെ ബന്ധുക്കളാരും മത്സരിക്കുന്നില്ലെന്ന് ബ്രിജ് ഭൂഷൺ പറഞ്ഞു.

ഗുസ്തി താരങ്ങളുയർത്തിയ ലൈംഗിക അതിക്രമ പരാതി നിലനിൽക്കെ വെല്ലുവിളിയുമായി ആരോപണ വിധേയനായ മുൻ ഗുസ്തി ഫെഡറേഷൻ പ്രസിഡന്‍റും ബി ജെ പി എം പിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ് രംഗത്ത്. ഇത്തവണത്തെ ഗുസ്തി ഫെഡറഷൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ബ്രിജ് ഭൂഷണിന്‍റെ വെല്ലുവിളി. തന്‍റെ സ്ഥാനർഥികളെ ഇന്ന് പ്രഖ്യാപിക്കമെന്നാണ് മുൻ ഗുസ്തി ഫെഡറേഷൻ പ്രസിഡന്‍റിന്‍റെ വെല്ലുവിളി. 25 സംസ്ഥാന അസോസിയേഷനുകളിൽ 22 ഉം തനിക്കൊപ്പമാണെന്നും ബ്രിജ് ഭൂഷൺ പറഞ്ഞു. ഓഗസ്റ്റ് 12 നാണ് ഗുസ്തി ഫെഡറേഷൻ തെരഞ്ഞെടുപ്പ് നടക്കുക.

അതേസമയം ഗുസ്തി താരങ്ങൾ നൽകിയ ലൈംഗികാതിക്രമ കേസിൽ ബ്രിജ് ഭൂഷന് ഈ മാസം 20 ന് കോടതി ജാമ്യം അനുവദിച്ചിരുന്നു. ദില്ലി റോസ് അവന്യു കോടതിയാണ് ബി ജെ പി എം പിക്ക് സ്ഥിര ജാമ്യം അനുവദിച്ചത്. വനിതാ ഗുസ്തിതാരങ്ങളുടെ ശരീരത്തിൽ മോശമായ രീതിയിൽ സ്പർശിച്ചു, തികച്ചും സ്വകാര്യമായ ചോദ്യങ്ങൾ ചോദിച്ചു, ലൈംഗികാവശ്യങ്ങൾ ഉന്നയിച്ചു എന്നിവയാണ് ബ്രിജ് ഭൂഷണെതിരായ ആരോപണങ്ങൾ. ആറ് ഗുസ്തി താരങ്ങളുടെ പരാതിയില്‍ ആയിരത്തി അഞ്ഞൂറോളം പേജുള്ള കുറ്റപത്രമാണ് ദില്ലി പൊലീസ് റോസ് അവന്യൂ കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്.

പ്രായപൂര്‍ത്തിയാകാത്ത താരത്തിന്‍റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നും പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. പ്രായപൂര്‍ത്തിയാകാത്ത താരം ഉന്നയിച്ച പരാതിക്ക് അടിസ്ഥാനമില്ലെന്നാണ് പൊലീസ് ചൂണ്ടികാട്ടിയത്. പെണ്‍കുട്ടി മൊഴി പിന്‍വലിച്ചെന്നും പൊലീസ് കോടതിയെ അറിയിച്ചിരുന്നു. ചാമ്പ്യന്‍ ഷിപ്പില്‍ തോറ്റതിലുള്ള പ്രകോപനത്തില്‍ ബ്രിജ് ഭൂഷണോടുള്ള ദേഷ്യം മൂലം പരാതി നല്‍കിയതാണെന്ന പെണ്‍കുട്ടിയുടെ അച്ഛന്‍റെ മൊഴിയും വാദത്തിന് ബലം പകരാന്‍ പൊലീസ് കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടു വന്നിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe