‘അവൾ ആത്മഹത്യ ചെയ്യില്ല, അവിഹിത ബന്ധം ചോദ്യം ചെയ്തിരുന്നു’; തിരുവനന്തപുരം പുത്തൻതോപ്പിൽ പൊള്ളലേറ്റ് യുവതിയും കുഞ്ഞും മരിച്ചതിൽ ദുരൂഹത

news image
May 17, 2023, 3:05 pm GMT+0000 payyolionline.in

തിരുവനന്തപുരം: തിരുവനന്തപുരം പുത്തൻതോപ്പിൽ യുവതിയും കുഞ്ഞും പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ ആരോപണവുമായി കുടുംബം. തന്‍റെ മകളൊരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും നരണത്തില്‍ ദുരൂഹതയുണ്ടെന്നും മരണപ്പെട്ട അഞ്ജുവിന്‍റെ അച്ഛൻ പ്രമോദ് ആരോപിച്ചു. അഞ്ജുവിന്‍റെ ഭർത്താവായ രാജു ജോസഫ് ടിൻസിലിക്ക് മറ്റൊരു യുവതിയുമായി അവിഹിത ബന്ധമുണ്ടായിരുന്നെന്നും ഇത് മകള്‍ ചോദ്യം ചെയ്തതോടെ മർദ്ദിച്ചിരുന്നെന്നും പ്രമോദ് ആരോപിച്ചു.

കഴിഞ്ഞ ദിവസമാണ് യുവതിയെയും ഒൻപത് മാസം പ്രായമുള്ള കുഞ്ഞിനെയും കുളിമുറിക്കുള്ളിൽ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. യുവതിയെ മരിച്ച നിലയിലും കുഞ്ഞിന് ജീവനുമുണ്ടായിരുന്നു. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒമ്പതുമാസം പ്രായമുള്ള മകൻ ഡേവിഡ് ഇന്ന് ചികിത്സയിലിരിക്കെ മരണപ്പെട്ടു. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം പുറത്തറിയുന്നത്. വീടിനുള്ളിലെ കുളിമുറിയിലാണ് യുവതിയേയും മകനേയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. സംഭവ സമയം അഞ്ജുവും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭര്‍ത്താവ് രാജു ജോസഫ് അയൽപക്കത്തെ വീട്ടിലായിരുന്നുവെന്നാണ് പറയുന്നത്.

അയൽപ്പക്കത്ത് നിന്നും വീട്ടിലെത്തിയപ്പോഴാണ് ഭാര്യയെയും മകനെയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ജീവനുണ്ടായിരുന്ന  മകനെ രാജു ജോസഫ്  ഉടനെ ആശുപത്രിയിൽ എത്തിക്കുകായയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഒന്നരവര്‍ഷം മുന്പായിരുന്നു രാജു ജോസഫിന്‍റേയും വെങ്ങാനൂര്‍ സ്വദേശിയായ അഞ്ജുവിന്‍റേയും പ്രണയ വിവാഹം. ഇരുവരും തമ്മിൽ കുടുംബപ്രശ്നമുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കുമെന്ന് കഠിനംകുളം പൊലീസ് അറിയിച്ചു. അഞ്ജുവിന് ആത്മഹത്യ പ്രവണത ഉണ്ടായിരുന്നെന്നും മറിച്ചുള്ള ആരോപണങ്ങൾ തെളിയിച്ചാൽ കുറ്റമേൽക്കാൻ തയ്യാറെന്നുമാണ് ഭര്‍ത്താവ് രാജു ജോസഫ് പറയുന്നത്.

എന്നാല്‍ രാജുവിന്‍റെ വാദം അഞ്ജുവിന്‍റെ കുടുംബം തള്ളി. മകളൊരിക്കലും ജീവനൊടുക്കില്ലെന്നും സ്വന്തം മകനെ തീകൊളുത്തില്ലെന്നും പിതാവ് പ്രദീപ് പറഞ്ഞു. മരണത്തിൽ ദുരൂഹതയുണ്ട്, സമഗ്രമായ അന്വേഷണം വേണമെന്നും പിതാവ് പറയുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി അഞ്ജുവിന്‍റെ അച്ഛൻ കഠിനംകുളം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.  അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങി. യുവതിയുടെ പിതാവിന്‍റെ ആരോപണങ്ങളടക്കം പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe