അരിക്കുളത്തെ എംസിഎഫ് കെട്ടിട നിർമ്മാണം നിർത്തിവെക്കാൻ ഓം ബുഡ്സുമാന്റെ ഉത്തരവ്

news image
Jun 10, 2023, 2:09 pm GMT+0000 payyolionline.in

 

മേപ്പയ്യൂർ: അരിക്കുളം പള്ളിക്കൽ കനാൽ സൈഫണിന് സമീപം നടന്നുകൊണ്ടിരിക്കുന്ന എം.സി.എഫ് കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തികൾ താത്ക്കാലികമായി നിർത്തി വെക്കാൻ പഞ്ചായത്ത് ഓംബുഡ്സ്മാൻ പഞ്ചായത്ത് അധികാരികൾക്ക് നിർദ്ദേശം നൽകി. എം.സി.എഫ് പ്രശ്നം ചർച്ച ചെയ്യാൻ വേണ്ടി മാത്രം വിളിച്ചു ചേർത്ത സ്പെഷൽ ഗ്രാമസഭ വർഷങ്ങളായി കായിക വിനോദത്തിനും പൊതു പരിപാടികൾക്കും ഉപയോഗിച്ച് വരുന്ന കനാൽ പുറംപോക്കിൽ മാലിന്യസംഭരണ കേന്ദ്രം സ്ഥാപിക്കുന്നതിനെതിരെ പ്രമേയം പാസ്സാക്കുക ഉണ്ടായി. 117അംഗങ്ങൾ പങ്കെടുത്ത ഗ്രാമ സഭയിൽ 116അംഗങ്ങളും പ്രമേയത്തെ അനുകൂലിച്ചു. തുടർന്ന് പഞ്ചായത്ത് ഭരണസമിതി ഗ്രാമസഭാ തീരുമാനം തള്ളി നിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോയി. നാല് വർഷമായി സമരപാതയിലായിരുന്ന പ്രദേശവാസികൾ ഏറ്റവും ഒടുവിലായി നടത്തിയ രാപ്പകൽ സമരം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അന്ന് സമരപ്പന്തലിലേയ്ക്ക് പോലീസ് ഇരച്ചുകയറി സമരക്കാരെ ബലം പ്രയോഗിച്ച് നീക്കിയാണ് എം.സി.എഫ് കെട്ടിട നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചത്.

അരിക്കുളം ഗ്രാമപഞ്ചാത്ത് നിർമ്മിച്ചു കൊണ്ടിരിക്കുന്ന എം.സി.എഫ് കെട്ടിടം

ജില്ലാ പഞ്ചായത്ത്‌ ഡെപ്യൂട്ടി ഡയറക്ടർ നൽകിയ മറുപടി പ്രകാരം അരിക്കുളം ഗ്രാമപഞ്ചായത്തിൽ എം.സി.എഫ് പണി പൂർത്തീകരിച്ചിട്ടുണ്ട് എന്നറിയിച്ചതിനാലും ഗ്രാമസഭ എം.സി.എഫ് നിർമ്മാണത്തിനെതിരെ പ്രമേയം പാസ്സാക്കിയ സാഹചര്യത്തിലും കനാൽ പുറംപോക്കിൽ എം.സി.എഫ് നിർമ്മാണത്തിനുള്ള നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് ജനകീയ കർമസമിതി കൺവീനർ സി രാഘവൻ സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നിർമ്മാണ പ്രവൃത്തികൾ താൽക്കാലികമായി നിർത്തിവെക്കാൻ ഓംബുഡ്സ്മാൻ ഉത്തരവിട്ടത്. കഴിഞ്ഞ ദിവസം നടന്ന സിറ്റിംഗിൽ ഗ്രാമസഭാ തീരുമാനം അട്ടിമറിച്ചതിനെതിരെ പരാമർശം ഉണ്ടാവുകയും പഞ്ചായത്ത് ജോയന്റ് ഡയരക്ടർ, പഞ്ചായത്ത് പ്രസിഡണ്ട് എന്നിവരെക്കൂടി എതിർകക്ഷികളാക്കി ചേർത്ത് വിസ്തരിക്കാൻ കേസ് ജൂലായ് മാസം ആറാം തിയ്യതിയിലേക്ക് മാറ്റിവെക്കുകയും ചെയ്തു. ജില്ലാ കളക്ടർ പത്തു സെന്റ് ഭൂമി താൽക്കാലികമായി വിട്ടുനൽകാൻ ജലസേചന വകുപ്പിനോട്‌ ആവശ്യപ്പെട്ടിരുന്നുവെങ്കിലും 5 സെന്റ് സ്ഥലമാണ് പഞ്ചായത്തിന് വിട്ടു നൽകിയിരിക്കുന്നത്. എന്നാൽ ജില്ലാ പഞ്ചായത്ത്‌ ഡെപ്യൂട്ടി ഡയറക്ടറിൽ നിന്നും ലഭ്യമായ വിവരവകാശ രേഖപ്രകാരം അരിക്കുളം ഗ്രാമപഞ്ചായത്ത് എം.സി.എഫ് നിർമ്മാണം പൂർത്തിയാക്കിയ പഞ്ചായത്തായിട്ടാണ് അറിയിച്ചിട്ടുമുണ്ട്. പഞ്ചായത്തിലെ മൂന്നാം വാർഡിൽ 385 എ കെട്ടിട നമ്പറായുള്ള ഗ്രാമ പഞ്ചായത്തിന്റെ അധീനതയിലുള്ള സ്ഥലത്ത് നിലവിൽ താത്കാലികമായി എം.സി.എഫ് പ്രവർത്തിക്കുന്നുണ്ടെന്ന് വിവരാവകാശരേഖ പ്രകാരം വ്യക്തമാണെന്ന് കർമ്മസമിതി ഭാരവാഹികൾ പറഞ്ഞു. അരിക്കുളം ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് 7.71 ലക്ഷം രൂപയ്ക്ക് നിർമ്മാണ പ്രവർത്തികൾ ഏറ്റെടുത്തിട്ടുള്ളത്. എം.സി.എഫിനായി ഒരു താത്ക്കാലിക കെട്ടിടം നിലവിലിരിക്കെ 50 ചതുരശ്ര മീറ്ററിൽ താഴെയുള്ള മറ്റൊരു താത്കാലിക കെട്ടിടം പണിയാൻ ഇത്ര ഭീമമായ സംഖ്യ ചെലവഴിക്കുന്നതിലും വ്യാപക പ്രതിഷേധം ഉയർന്നു വരുന്നുണ്ട്.

നാല് പേർക്ക് നിന്ന് തിരിയാൻ പോലും സ്ഥലമില്ലാത്ത ഇത്രയും ചെറിയ കെട്ടിടത്തിൽ 13 വാർഡുകളിലെ പ്ളാസ്റ്റിക്ക് ഉൾപ്പെടെയുള്ള അജൈവമാലിന്യങ്ങൾ എങ്ങനെ സംഭരിക്കും എന്ന ചോദ്യവും പ്രസക്തമാണ്. കെട്ടിടത്തിൽ ശുദ്ധജല ലഭ്യത ഉറപ്പ് വരുത്താൻ സംവിധാനവും ഇല്ല. കിണർ കുഴിക്കാൻ ജലസേചന വകുപ്പ് അനുമതി നൽകിയിട്ടുമില്ല. എം.സി.എഫിന് സ്ഥിരമായ കെട്ടിടം പണിയാനുള്ള സ്ഥലം കണ്ടെത്താൻ കഴിഞ്ഞ നാല് വർഷമായി പഞ്ചായത്ത് ഭരണസമിതിയ്ക്ക് സാധിച്ചിട്ടുമില്ല.നിലവിൽ താൽക്കാലികമായി പഞ്ചായത്തിന്റെ അധീനതയിൽ കെട്ടിടം ഉണ്ടെന്നിരിക്കെ ഗ്രാമസഭാ പ്രമേയം വകവെക്കാതെ മറ്റൊരു വകുപ്പിന്റെ ഭൂമിയിൽ താൽക്കാലിക എം.സി.എഫ് നിർമ്മിച്ച് ധനം ധൂർത്തടിക്കുന്ന നടപടിയെയാണ് ഓംബുഡ്സ് മാൻ മുമ്പാകെ ചോദ്യംചെയ്തിരുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe