അടുത്ത തവണയും മത്സര രം​ഗത്തുണ്ടാവും; സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് ബ്രിജ് ഭൂഷൺ

news image
Jun 11, 2023, 2:18 pm GMT+0000 payyolionline.in

ദില്ലി: അടുത്ത തവണയും മത്സര രം​ഗത്തുണ്ടാവുമെന്ന് ബിജെപി എംപി ബ്രിജ് ഭൂഷൺ. കൈസർ​ഗഞ്ചിൽനിന്നും അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലും മത്സരിക്കുമെന്ന് ബ്രിജ് ഭൂഷൺ പറഞ്ഞു. ​ഗോണ്ടയിലെ റാലിയിലാണ് ബ്രിജ് ഭൂഷന്റെ പ്രഖ്യാപനം. ലൈം​ഗിക പീഡന പരാതിയിൽ വലിയ വിമർശനങ്ങൾ നടക്കുന്നതിനിടെയാണ് ബ്രിജ് ഭൂഷന്റെ പരാമർശം.

അതേസമയം, ബ്രിജ് ഭൂഷനെതിരെ ലൈംഗികോരപണം ഉന്നയിച്ച  വനിത ഗുസ്തി താരങ്ങളോട് വിചിത്ര നീക്കവുമായി ദില്ലി പൊലീസ് രം​ഗത്തെത്തിയിട്ടുണ്ട്. ലൈംഗിക പീഡനത്തിൻ്റെ തെളിവ് ഹാജരാക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ശ്വാസപരിശോധനയുടെ പേരിൽ സ്വകാര്യ ഭാഗത്ത് സ്പർശിച്ചു, അമർത്തി കെട്ടിപ്പിടിച്ചു തുടങ്ങിയ ആരോപണങ്ങളിലാണ് തെളിവ് ചോദിച്ചത്. ശബ്ദ, ദൃശ്യ തെളിവുകൾ ഉണ്ടെങ്കിൽ ഹാജരാക്കാനും നിർദ്ദേശം നല്‍കിയിട്ടുണ്ട്. ബ്രിജ് ഭൂഷനെതിരെ നടപടിയില്ലെങ്കില്‍ കടുത്ത തീരുമാനമെടുക്കുമെന്ന് ഗുസ്തി താരങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ ഏഷ്യൻ ഗെയിംസില്‍ പങ്കെുക്കില്ലെന്നാണ് മുന്നറിയിപ്പ്.

ജൂണ്‍ പതിനഞ്ചിനുള്ളില്‍ സർക്കാരിന്‍റെ ഭാഗത്ത് നടപടിയുണ്ടായില്ലെങ്കില്‍ വീണ്ടും സമരം തുടങ്ങാനാണ് ഗുസ്തി താരങ്ങളുടെ തീരുമാനം. ഒത്തുതീര്‍പ്പിന് വലിയ സമ്മർദ്ദം തങ്ങള്‍ക്ക് മേല്‍ ഉണ്ടെന്ന് ഗുസ്തി താരങ്ങള്‍ പറഞ്ഞു. സർക്കാരുമായി നടത്തിയ ചർച്ചകളെ കുറിച്ച് ഹരിയാനയില്‍ മഹാപഞ്ചായത്ത് വിളിച്ച് താരങ്ങള്‍ വിശദീകരിച്ചു. കർഷക നേതാക്കള്‍ പങ്കെടുത്ത യോഗത്തില്‍ സാക്ഷി മാലിക്കും ബജ്രംഗ് പൂനിയയും  പങ്കെടുത്തു. അതേസമയം താരങ്ങളുടെ പരാതിയില്‍ കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തിയ പൊലീസിനെതിരെ ആരോപണം ഉയര്‍ന്നട്ടുണ്ട്. പരാതിക്കാരായ ഗുസ്തിതാരങ്ങളെ ദില്ലിയിലെ ഗുസ്തി ഫെഡറേഷന്‍ ഓഫീസില്‍ എത്തിച്ച് പൊലീസ്  തെളിവെടുപ്പ് നടത്തിയിരുന്നു.

ഗുസ്തി ഫെഡറേഷൻ ഓഫീസും ബ്രിജ് ഭൂഷണിന്‍റെ വസതിയും ഒരെ വളപ്പില്‍ ആണ്. വസ്തിയില്‍ ബ്രിജ് ഭൂഷണ്‍ ഉള്ളപ്പോഴായിരുന്നു പൊലീസിന്‍റെ ഈ  നടപടിയെന്നാണ് പരാതിക്കാരുടെ ആരോപണം. എന്നാല്‍  വീടും ഓഫീസും ഒരേ വളപ്പിലാണെങ്കിലും എതിര്‍ദിശയിലാണെന്നും പരാതിക്കാരിയും കുറ്റാരോപിതനും തമ്മില്‍ കണ്ടിട്ടില്ലെന്നുമാണ് ദില്ലി പൊലീസ് വൃത്തങ്ങള്‍ ന്യായീകരിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe