പയ്യോളി: പയ്യോളി ടൗണിലെ ദേശീയപാത വെള്ളക്കെട്ടിൽ മുങ്ങിയതിന് ഇനിയും പരിഹാരമുണ്ടാവാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ കരാറുകാരായ വഗാഡ് കമ്പനിയുടെ നന്തിയിലെ ഓഫീസ് ഉപരോധിച്ചു. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് നൂറോളം പേർ ദേശീയപാത വികസന പ്രവൃത്തിയുടെ ഉപകരാറുകാരായ വഗാഡ് കമ്പനിയുടെ പ്ലാൻ്റ് പ്രവൃത്തിക്കുന്ന നന്തിയിലെ ശ്രീശൈലം കുന്നിലെ ഓഫീസിലെത്തി കമ്പനി ഡയരക്ടർ സാവൻ്റെ ഓഫീസ് ഉപരോധിച്ചത്. കാലവർഷം ശക്തമായതോടെ ഒരു മാസത്തോളമായി ടൗണിൽ കോടതി പരിസരം മുതൽ രണ്ടാം ഗേറ്റിന് സമീപം വരെ സർവീസ് റോഡ് പൂർണ്ണമായും വെള്ളക്കെട്ടിൽ മുങ്ങിയിരിക്കുകയാണ്.
പയ്യോളി വഴിയുള്ള യാത്ര ഇത്രയേറെ ദുരിതമായിട്ടും ദേശീയപാത നിർമാണ കരാറുകാരായ വഗാഡ് കമ്പനി തിരിഞ്ഞുനോക്കാത്തതിൽ പ്രതിഷേധിച്ചാണ് നഗരസഭ ചെയർമാൻ വി.കെ. അബ്ദുറഹ്മാൻ്റെ നേതൃത്വത്തിൽ ദേശീയപാത വികസനസമിതി ചെയർമാൻ അഷറഫ് കോട്ടക്കൽ, കൺവീനർ കെ.ടി. സിന്ധു എന്നിവരുടെ നേതൃത്വത്തിൽ ഉപരോധിച്ചത്. തുടർന്ന് നടത്തിയ ചർച്ചയിൽ സർവീസ് റോഡ് ഉയർത്തി റീ ടാർ ചെയ്യാൻ തീരുമാനമായതിൻ്റെ അടിസ്ഥാനത്തിൽ രാവിലെ പതിനൊന്നോടെ ഉപരോധം പിൻവലിക്കുകയായിരുന്നു .