പയ്യോളി: മൂരാട് മുതൽ നന്തിവരെയുള്ള ദേശീയപാത 6 വരി പാതയുടെ നിർമ്മാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് വാഹന യാത്രക്കാരും പൊതുജനങ്ങളും അനുഭവിക്കുന്ന വെള്ളക്കെട്ടും, റോഡുകളുടെ ശോച്യാവസ്ഥയും, നന്തി വാഗാഡ് ലേബർ ക്യാമ്പിന്റെ അശാസ്ത്രീയമായ പ്രവർത്തനവും നേരിട്ട് കണ്ട് ബോധ്യപ്പെടാനും ഉചിതമായ തീരുമാനം കൈക്കൊണ്ട് ശാശ്വത പരിഹാരം കാണുവാനും വേണ്ടി കോഴിക്കോട് ജില്ലാ സബ് കളക്ടറും അഴിയൂർ-വെങ്ങളം റീച്ച് ദേശീയപാത നോഡൽ ഓഫീസറുമായ ഹർഷിൽ ആർ.മീണ ഐഎഎസ് നന്തി, തിക്കോടി, പയ്യോളി പ്രദേശങ്ങൾ നാളെ സന്ദർശിക്കുന്നു.
ജനങ്ങളനുഭവിക്കുന്ന ദുരിതങ്ങൾക്ക് അടിയന്തിര പരിഹാരം കണ്ടില്ലെങ്കിൽ ബഹുജനങ്ങളെ അണിനിരത്തി ഉപരോധമുൾപ്പെടെ ശക്തമായ സമരങ്ങൾ നേരിടേണ്ടി വരും എന്ന സിപിഎം പയ്യോളി ഏരിയ കമ്മിറ്റിയുടെ പരാതിയെ തുടർന്നാണ് അസിസ്റ്റന്റ് കളക്ടർ സ്ഥലം നേരിട്ട് കണ്ട് ബോധ്യപ്പെട്ട് നടപടി സ്വീകരിക്കാൻ തയ്യാറായത്.
സിപിഎം പയ്യോളി ഏരിയ സെക്രട്ടറി എം.പി. ഷിബുവിന്റെ നേതൃത്വത്തിൽ ഡി.ദീപ, ടി.ചന്തു മാസ്റ്റർ,കെ. ജീവാനന്ദൻ മാസ്റ്റർ, സി.കെ. ശ്രീകുമാർ, എൻ.സി. മുസ്തഫ, എ.കെ. ഷൈജു, വി.വി. സുരേഷ്, കെ. സത്യൻ എന്നിവർ ചേർന്നാണ് കോഴിക്കോട് കളക്ടറേറ്റിൽ പോയി ജില്ലാ കലക്ടർക്കും സബ്കലക്ടർക്കും പരാതി നല്കിയത്.