പയ്യോളി: നഗരസഭാ പരിധിയിൽ ലോകസഭ തെരെഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം ആഘോഷ പരിപാടികളും ആഹ്ലാദ പ്രകടനങ്ങളും അതിര് വിടരുതെന്ന് സർവ്വകക്ഷി യോഗം തീരുമാനമെടുത്തു. തെരെഞ്ഞെടുപ്പ് കമ്മീഷൻ ഇത് സംബന്ധിച്ച് നിർദ്ദേശം പുറപ്പെടുവിച്ചിട്ടുള്ളതാണ്. സർവ്വകക്ഷി യോഗത്തിൽ നഗരസഭ ചെയർമാൻ വി.കെ. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. തെരെഞ്ഞെടുപ്പ് ഫല പ്രഖ്യാപനം നടത്തുന്ന ജൂൺ 4 ന് അമിതമായ ആഹ്ലാദ പ്രകടനങ്ങൾ ഉണ്ടാവാൻ പാടില്ല. പൊതുജനങ്ങൾക്കും വാഹനങ്ങൾക്കും തടസ്സമുണ്ടാക്കുന്ന തരത്തിൽ പരിപാടികൾ നടത്തരുത്.
പടക്കങ്ങളും വലിയ ശബ്ദം ഉപയോഗിച്ചുള്ള പ്രകടനങ്ങളും ഒഴിവാക്കണം. പരസ്പരം സംയമനം പാലിച്ച് ചെറിയതും അമിതമായ ആഹ്ലാദം പ്രകടിപ്പിക്കാത്തതുമായ പ്രകടനങ്ങൾ മാത്രമേ സംഘടിപ്പിക്കാൻ പാടുള്ളൂ എന്നും സർവ്വ കക്ഷി യോഗത്തിൽ ധാരണയായി.
ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ പി.എം. ഹരിദാസൻ , രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സബീഷ് കുന്നങ്ങോത്ത്, എൻ.സി മുസ്തഫ, എ.കെ. ബൈജു, എ.പി. കുഞ്ഞബ്ദുള്ള , കെ. ശശി മാസ്റ്റർ , കെ.പി. ഗിരിഷ് കുമാർ എന്നിവർ സംസാരിച്ചു.