ഓണം: ഗുരുവായൂരിൽ സ്പെഷൽ ദർശനത്തിനു നിയന്ത്രണം; 25 മുതൽ 28 വരെ രാവിലെ 6 മുതൽ ഉച്ചയ്ക്ക് 2 വരെ സ്പെഷൽ ദർശനം ഉണ്ടാകില്ല

news image
Aug 21, 2026, 5:04 am GMT+0000 payyolionline.in

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ 25 മുതൽ 28 വരെ രാവിലെ 6 മുതൽ ഉച്ചയ്ക്ക് 2 വരെ സ്പെഷൽ ദർശനം ഉണ്ടാകില്ല. തിരുവോണനാളിൽ ഗുരുവായൂരപ്പന് ഓണപ്പുടവ സമർപ്പണം പുലർച്ചെ 4.30ന് നടക്കും ഊരാളൻ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ആദ്യ ഓണപ്പുടവ സമർപ്പിക്കും. ഉഷഃപൂജ വരെ ഭക്തർക്കും സമർപ്പിക്കാം. ഉത്രാട കാഴ്ചക്കുല സമർപ്പണം 25ന് രാവിലെ നടക്കും. കൊടിമരച്ചുവട്ടിൽ മേൽശാന്തി ആദ്യ കാഴ്ചക്കുല സമർപ്പിക്കും. തുടർന്ന് ഭക്തർക്കുള്ള അവസരമാണ്. തിരുവോണ ദിവസം 2 നേരം മേളത്തോടെ കാഴ്ചശീവേലിയും രാത്രി വിളക്കെഴുന്നള്ളിപ്പും നടക്കും. 10,000 പേർക്ക് കാളൻ, ഓലൻ, എരിശേരി, അവിയൽ, പഴംപ്രഥമൻ, മോര്, വറുത്തുപ്പേരി, പപ്പടം, ഉപ്പിലിട്ടത് എന്നിവയടക്കമുള്ള പ്രസാദഊട്ട് രാവിലെ 9 മുതൽ അന്നലക്ഷ്മി ഹാളിലും തൊട്ടു ചേർന്ന പന്തലിലും നൽകും.

കൗസ്തുഭം റെസ്റ്റ് ഹൗസ് നാളെ തുറക്കും
ഗുരുവായൂർ ദേവസ്വത്തിന്റെ കൗസ്തുഭം റെസ്റ്റ് ഹൗസ് നാളെ മുതൽ തുറന്നു പ്രവർത്തിക്കും. കഴിഞ്ഞ 31ന് മന്ത്രി കെ.മുരളീധരൻ ഉദ്ഘാടനം നിർവഹിച്ച കൗസ്തുഭത്തിന് സർക്കാർ വകുപ്പുകളിൽ നിന്നുള്ള അനുമതികളെല്ലാം ലഭിച്ചതായി ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് പറഞ്ഞു. ദേവസ്വത്തിന്റെ വിവിധ വിഭാഗങ്ങളിലെ ജീവനക്കാരെ റെസ്റ്റ്ഹൗസിൽ നിയോഗിക്കും. നാളെ മുതൽ ഭക്തർക്ക് മുറി ലഭിക്കും. ബുക്കിങ്ങും ആരംഭിക്കും. ദിവസ വാടകനിരക്ക് (ജിഎസ്ടി ഉൾപ്പെടെ): എസി– 2 ബെഡ് റൂം: 1575 രൂപ, നോൺ എസി– 2 ബെഡ്: 1050 രൂപ, 4 ബെഡ്: 1575 രൂപ, 6 ബെഡ്: 2100 രൂപ.

നാളെയും 30നും സെപ്്റ്റംബർ 14നുമായി 1100 വിവാഹങ്ങൾ നടക്കുന്നതിനാൽ ദേവസ്വം കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തി. ശ്രീകൃഷ്ണ ഹൈസ്കൂൾ, ദേവസ്വം ഇംഗ്ലിഷ് മീഡിയം സ്കൂൾ ഗ്രൗണ്ടുകൾ ചെറുവാഹനങ്ങൾ പാർക്ക് ചെയ്യാനായി തുറക്കും. ഇന്നർ, ഔട്ടർ റിങ് റോഡുകളിൽ പാർക്കിങ് അനുവദിക്കില്ല. വിവാഹ സംഘങ്ങൾ മുഹൂർത്തത്തിന് അരമണിക്കൂർ മുൻപേ എത്തി ടോക്കൺ എടുക്കണം. പുലർച്ചെ 4ന് വിവാഹങ്ങൾ ആരംഭിക്കും.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe