കോഴിക്കോട് 16കാരിയെ ഏഴംഗസംഘം തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; 36 ദിവസത്തിന് ശേഷം കണ്ണൂരിൽ നിന്ന് പോലീസ് രക്ഷപ്പെടുത്തി

news image
Jun 25, 2026, 7:13 am GMT+0000 payyolionline.in

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ നിന്നും കാണാതായ പതിനാറുകാരിയെ കണ്ണൂരിലെ രഹസ്യകേന്ദ്രത്തിൽ നിന്ന് പോലീസ് രക്ഷപ്പെടുത്തി. പെൺകുട്ടിയെ കാണാതായി 36 ദിവസങ്ങൾക്ക് ശേഷമാണ് കണ്ണൂർ കൊളവല്ലൂരിലെ ഒരു കെട്ടിടം വളഞ്ഞ് ചേവായൂർ പോലീസ് കുട്ടിയെ മോചിപ്പിച്ചത്. പോലീസ് എത്തുന്നതിന് തൊട്ടുമുമ്പ് പ്രതികൾ ഇവിടെ നിന്നും കടന്നുകളഞ്ഞു. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ രണ്ടുപേർ ഉൾപ്പെടെ തടങ്കലിൽ പാർപ്പിക്കാൻ സഹായിച്ച ഏഴുപേർക്കെതിരെ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.

പ്രതികൾ തടങ്കലിൽ പാർപ്പിച്ചു ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. രക്ഷപ്പെടുത്തിയ കുട്ടിയെ കോഴിക്കോട് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് (സി.ഡബ്ല്യു.സി) മുന്നിൽ ഹാജരാക്കി. മേയ് 15-നാണ് ചേവായൂർ സ്റ്റേഷൻ പരിധിയിൽ നിന്ന് പെൺകുട്ടിയെ കാണാതാകുന്നത്. മാതാപിതാക്കളുടെ പരാതിയിൽ ചേവായൂർ ഇൻസ്പെക്ടർ ടി. മഹേഷിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചതോടെയാണ് കാറിലെത്തിയ രണ്ടുപേർ കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്ന് വ്യക്തമായത്.

തുടർന്ന് പെൺകുട്ടിയുടെ ബന്ധുവിന് ലഭിച്ച ഒരു ഫോൺ കോൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ സംഘം കുട്ടിയെ നെടുമ്പാശ്ശേരിയിൽ എത്തിച്ചതായി കണ്ടെത്തി. പിന്നീട് സംഘത്തിന്റെ കൈയിൽ നിന്ന് രക്ഷപ്പെട്ട പെൺകുട്ടി തൃശൂർ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ എത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് സൈബർ പോലീസിന്റെ സഹായത്തോടെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട സുഹൃത്താണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ നേതൃത്വം നൽകിയതെന്ന് പോലീസ് പറഞ്ഞു. ഒളിവിലുള്ള ഏഴംഗ പ്രതികൾക്കായി പ്രത്യേക സംഘം രൂപീകരിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe