കൊച്ചി: നെടുമ്പാശ്ശേരിയിൽ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേൽക്കൂര തകർന്നു. ശാന്തിനഗർ സ്വദേശി കാട്ടുപ്പറമ്പിൽ വീട്ടിൽ സൈമൺ കെ ജെ യുടെ വീടിന്റെ മേൽക്കൂരയാണ് തകർന്നത്. ഇന്ന് രാവിലെ 8.30നാണ് സംഭവം നടന്നത്. വിമാനം താഴ്ന്നു പറന്നതോടെ വീടിന്റെ മേൽക്കൂരയിലെ ഓടുകൾ പറന്നുപോവുകയായിരുന്നു എന്നാണ് പരാതി. അപകട സമയത്ത് വിട്ടുടമ സൈമണും ഭാര്യയും വീട്ടിലുണ്ടായിരുന്നു. ഓട് വീണ് സൈമണിന്റെ തോളിന് പരുക്കേറ്റിട്ടുണ്ട്. സംഭവം സിയാൽ അധികൃതരെ അറിയിച്ചെന്നും കുടുംബം പറഞ്ഞു.
കഴിഞ്ഞമാസവും നെടുമ്പാശ്ശേരിയിൽ സമാനമായ സംഭവം നടന്നിരുന്നു. വിമാനം താഴ്ന്നു പറന്നപ്പോൾ വീടിന്റെ ഓടുകൾ തകർന്നെന്നായിരുന്നു പരാതി. നെടുശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങാനായി വിമാനം താഴ്ന്നു പറന്നപ്പോഴാണ് സമീപത്തെ വീടിന്റെ ഓടുകൾ തകർന്നുവീണത്. ഒക്കൽ മാണിക്യത്താൻ എം വി ജോയ്യുടെ വീടിന്റെ മേൽക്കൂരയിലുണ്ടായിരുന്ന ഓടുകളാണ് കഴിഞ്ഞ മാസം തകർന്ന് വീണത്. അപകടത്തിൽ 150 ഓളം ഓടുകൾ നിലത്തുവീണ് പൊട്ടിയിരുന്നു. പതിനായിരം രൂപയ്ക്ക് മുകളിൽ നാശനഷ്ടം ഉണ്ടായെന്നാണ് കുടുംബം പരാതിപ്പെട്ടത്.
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ലാന്റ് ചെയ്യുന്ന വിമാനങ്ങൾ തട്ടേക്കാട് ഭാഗത്ത് നിന്ന് തിരിഞ്ഞ് വിമാനത്താവളത്തിലേക്ക് പോകുന്നത് ഒക്കൽ, നമ്പിള്ളി മേഖലകൾക്ക് മുകളിലൂടെയാണ്. വിമാനം താഴ്ന്ന് പറക്കുമ്പോളുണ്ടായ കാറ്റ് മൂലമാണ് വീടിന്റെ ഓടുകൾ ഇളകി പോയതെന്നായിരുന്നു റിപ്പോർട്ട്. സമീപ പ്രദേശത്ത് ഇതിനുമുമ്പും സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും വിമാനത്താവള അധികൃതരോട് പരാതികൾ പറഞ്ഞിട്ടും യാതൊരു ഫലവും ഉണ്ടായിട്ടില്ലെന്നും പരാതിക്കാരൻ പറഞ്ഞു.
