താമരശ്ശേരി: താമരശ്ശേരി ഈങ്ങാപ്പുഴയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചുകയറി ആക്രമണം നടത്തിയ സംഭവത്തിൽ മൂന്ന് യുവാക്കളെ താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. മയിലള്ളാംപാറ സ്വദേശികളായ അബൂബക്കർ അഷ്മിൽ, വി.കെ. ഷിഹാസ്, മുഹമ്മദ് ആഷിക് എന്നിവരാണ് പിടിയിലായത്. സംഭവത്തിൽ പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറിയ യുവാവിനെതിരെ പോക്സോ കേസെടുത്തു.
ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. അടിവാരം വള്ളിയാട് സ്വദേശിയായ മിസ്ബാഹുൾ (19) എന്ന യുവാവ് ഫോണിലൂടെയും ഇൻസ്റ്റഗ്രാം വഴിയും പരിചയമുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ചു കയറുകയായിരുന്നു. ശബ്ദം കേട്ടുണർന്ന വീട്ടുകാർ ഇയാളെ മുറിക്കുള്ളിൽ പൂട്ടിയിട്ടു. തുടർന്ന് യുവാവ് ഫോണിലൂടെ വിവരമറിയിച്ചതിനെ തുടർന്ന് മൂന്ന് ബൈക്കുകളിലായി ആറംഗ സുഹൃത്തുക്കളുടെ സംഘം സ്ഥലത്തെത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു.
വീട്ടിൽ കയറി അക്രമം അഴിച്ചുവിട്ട സംഘം പെൺകുട്ടിയുടെ അമ്മയെ മർദ്ദിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്തു. തടയാൻ ശ്രമിച്ച അമ്മയുടെ സഹോദരനെ കമ്പി വടി കൊണ്ട് തലയ്ക്കടിക്കുകയും മൂർച്ചയുള്ള ആയുധം കൊണ്ട് കാലിൽ പരിക്കേൽപ്പിക്കുകയും ചെയ്തു. കൂടാതെ പെൺകുട്ടിയുടെ അച്ഛനും സഹോദരനും അക്രമത്തിൽ പരിക്കേറ്റിട്ടുണ്ട്.
കുടുംബാംഗങ്ങളെ ക്രൂരമായി മർദ്ദിച്ച ശേഷം മുറിയിൽ പൂട്ടിയിട്ടിരുന്ന മിസ്ബാഹുളിനെയും കൊണ്ട് സംഘം കടന്നുകളയുകയായിരുന്നു. പിടിയിലായ മൂന്നുപേർക്ക് പുറമെ, പ്രധാന പ്രതി മിസ്ബാഹുൾ അടക്കം ഒളിവിലുള്ള മറ്റു മൂന്ന് പേർക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
