പനിച്ചൂടിൽ വിറച്ച് സംസ്ഥാനം; 13 ദിവസത്തിനിടെ 41 മരണം, മുൻകരുതൽ ശക്തമാക്കി ആരോഗ്യവകുപ്പ്

news image
Jun 14, 2026, 7:35 am GMT+0000 payyolionline.in

തിരുവനന്തപുരം : പകർച്ചവ്യാധി ഭീതിയിൽ സംസ്ഥാനം. പതിമൂന്ന് ദിവസത്തിനിടെ നാൽപത്തിയൊന്ന് പേർക്കാണ് ജീവൻ നഷ്ടമായത്. ഇൻഫ്‌ലുവൻസ ബാധിച്ച് ഒൻപത് പേർക്ക് ജീവൻ നഷ്ടമായി. എലിപ്പനിബാധിച്ച് എട്ടു പേരും, ഡെങ്കിപ്പനി ബാധിച്ച് അഞ്ച് പേരും മരിച്ചു. തൃശൂരിലും ഷിഗല്ല സ്ഥിരീകരിച്ചതോടെ മുൻകരുതൽ ശക്തമാക്കാനാണ് ആരോഗ്യവകുപ്പിന്റെ നീക്കം. ഇടവിട്ടുള്ള മഴ രോഗവ്യാപനത്തിന് കാരണമാകുന്നു എന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ.

അഞ്ചു ദിവസംകൊണ്ടാണ് പതിനായിരത്തിലധികംപേർ പനി ബാധിച്ച് ചികിത്സ തേടിയത്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം പതിനൊന്നായിരത്തി അഞ്ഞൂറ്റി മുപ്പത്തിനാല് പേരാണ് പനി ബാധിച്ച് ചികിത്സക്കായി മാത്രം ആശുപത്രിയിൽ എത്തിയത്. ഇതിനോടകം നൂറ്റി മുപ്പത്തിയഞ്ച് പേർക്ക് ഷിഗല്ല സ്ഥിരീകരിച്ചുവെങ്കിലും അതിൽ അൻപത്തിയൊമ്പത് പേരാണ് ഈ മാസം മാത്രം ചികിത്സ തേടിയത്. ഷിഗല്ല രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ വയനാട് കൂടുതൽ ജാഗ്രത തുടരുകയാണ്. കുട്ടികളുമായി പുറത്തു പോകുന്നതും പരിപാടികളിൽ പങ്കെടുക്കുന്നതും ഒഴിവാക്കണമെന്ന് രക്ഷിതാക്കളോട് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടക്കുന്നുണ്ടെന്നും അതികൃതർ വ്യക്തമാക്കി.

കുടലിനെയാണ് ഷിഗെല്ല രോഗാണു പ്രധാനമായും ബാധിക്കുന്നത്. വയറിളക്കം, പനി, വയറുവേദന, ക്ഷീണം, രക്തം കലർന്ന മലം എന്നിവയാണ് രോഗ ലക്ഷണങ്ങൾ. എന്നാൽ എല്ലാ രോഗികൾക്കും രോഗ ലക്ഷണങ്ങൾ കാണണമെന്നില്ല. ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് ഏകദേശം മൂന്ന് ദിവസത്തിന് ശേഷമാകും രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങുക.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe