തിരുവനന്തപുരം: പിഎസ്സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്ത് പ്രത്യേക അന്വേഷണ സംഘം. വിശദമായ പരിശോധനകൾക്ക് ശേഷമാണ് എസ്ഐടി കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആസൂത്രണ ബോർഡ് ചീഫ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് കേസ്. പിഎസ്സി ഉദ്യോഗസ്ഥരെ പ്രതികളാക്കിയാണ് കേസെടുത്തിരിക്കുന്നത്. എന്നാൽ എഫ്ഐആറിൽ ആരുടെയും പേര് പരാമർശിച്ചിട്ടില്ല.
ഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥർ നാല് തവണയോളം പിഎസ്സി ആസ്ഥാനത്ത് എത്തിയിരുന്നു. പ്രാഥമിക അന്വേഷണത്തിൽ പിഎസ്സിക്ക് പിഴവ് സംഭവിച്ചതായി ബോധ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടി വരും ദിവസങ്ങളിൽ എസ്ഐടി കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.
ഒന്നേകാൽ ലക്ഷം രൂപ അടിസ്ഥാന ശമ്പളമുള്ള സംസ്ഥാന ആസൂത്രണ ബോർഡിലെ ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ വിഭാഗം ചീഫ് തസ്തികയിലേക്കുള്ള പരീക്ഷയിൽ 54 മാർക്കിന്റെ പത്ത് ചോദ്യങ്ങൾ എന്തുകൊണ്ട് മൂല്യനിർണയം നടത്തിയില്ല എന്ന കാര്യമാണ് എസ്ഐടി പ്രധാനമായും അന്വേഷിക്കുന്നത്. പരീക്ഷാ മൂല്യനിർണയവുമായി ബന്ധപ്പെട്ട് കെ ശ്യാംകൃഷ്ണൻ എന്ന ഉദ്യോഗാർത്ഥി നൽകിയ പരാതിയായിരുന്നു അന്വേഷണത്തിലേക്ക് നയിച്ചത്. വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വി ഡി സതീശനാണ് എസ്ഐടി അന്വേഷണം പ്രഖ്യാപിച്ചത്. അജിതാ ബീഗത്തിന് പുറമേ എസ്പി സക്കറിയ മാത്യു, ഡിവൈഎസ്പി ജി അജയ് നാഖ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
