ചെറുവണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പെട്രോൾ പമ്പിലെത്തി കന്നാസിൽ പെട്രോൾ വാങ്ങിയത് സോനയെന്ന് സ്ഥിരീകരിക്കുന്നതാണ് ദൃശ്യങ്ങൾ. കാറിനുള്ളിൽ തീപിടിക്കാൻ കാരണം പെട്രോളെന്നും, കാറിലെ തീപിടുത്തം ആസൂത്രിതം എന്നും പൊലീസ് പറയുന്നു. മരിച്ച സോനയെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
ചെറുവണ്ണൂർ കക്കറമുക്ക് പൂവത്തുംചാലിൽ രജിൻ ലാലിന്റെ ഭാര്യ സോനയാണ് കഴിഞ്ഞ ദിവസം തീപ്പിടിത്തത്തിൽ മരിച്ചത്. കാർ ഓടിച്ച ഭർത്താവ് രജിൻലാലിന് തീപ്പിടിത്തമുണ്ടായ ഉടനെ കാറിന്റെ വാതിൽ തുറന്ന് പുറത്തിറങ്ങാൻ കഴിഞ്ഞെങ്കിലും പിൻസീറ്റിൽ കിടക്കുകയായിരുന്ന സോന വാതിൽ ലോക്കായതിനാൽ കാറിനുള്ളിൽ കുടുങ്ങിപ്പോവുകയായിരുന്നു.
കാറിനുള്ളിൽ പെട്രോൾ സൂക്ഷിച്ചിരുന്നതായാണ് പൊലീസിന്റെ കണ്ടെത്തൽ. തീ പിടിക്കാൻ കാരണം പെട്രോൾ എന്ന് പൊലീസ് കണ്ടെത്തുമ്പോൾ സോനയുടെ മരണത്തിൽ ദുരൂഹതയേറുകയാണ്. നടുവണ്ണൂർ റോഡിലെ സിസിടിവിയിൽ കന്നാസുമായി പോകുന്ന സോനയുടെ ദൃശ്യങ്ങളും പതിഞ്ഞിട്ടുണ്ട്. പെട്രോൾ പമ്പിൽ നിന്നും സോന തന്നെയാണ് പെട്രോൾ വാങ്ങുന്നത്. ഇതോടെ കാറിലെ തീപിടുത്തം ആസൂത്രിതം എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
സോനയുടെ ഭർത്താവ് രജിൻ ലാൽ 65 ശതമാനത്തിലധികം പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കാറിനുള്ളിൽ നിന്നും പെട്രോളിന്റെ മണം വന്നപ്പോൾ തന്നെ എന്താണ് എന്ന് സോനയോട് ചോദിച്ചെന്നും, മറുപടി ലഭിക്കും മുമ്പ് തീ പടരുകയായിരുന്നു എന്നുമാണ് രജിൻ ലാലിന്റെ മൊഴി. സോനയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും, ആസൂത്രിത കൊലപാതകമെന്നുമാണ് സോനയുടെ കുടുംബത്തിന്റെ ആരോപണം. മകൾക്ക് ഭർതൃവീട്ടിൽ നിരവധി ദുരവസ്ഥകൾ ഉണ്ടായിരുന്നതായും, രജിൻ ലാലിന് മറ്റൊരു ബന്ധം ഉണ്ടായിരുന്നതായും സോനയുടെ കുടുംബം ആരോപിക്കുന്നുണ്ട്.
