ഒഞ്ചിയം: ദേശീയപാതയിൽ മുക്കാളിക്കും അഴിയൂരിനുമിടയിലുള്ള സർവ്വീസ് റോഡുകൾ അടിയന്തരമായി തുറന്ന് ഗതാഗതം പുന:സ്ഥാപിക്കാൻ കരാർ കമ്പനിക്ക് ആർ.ഡി.ഒ. കെ. അജീഷ് നിർദ്ദേശം നൽകി. മുക്കാളി അണ്ടർപാസ് ആക്ഷൻ കമ്മിറ്റി പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് നടപടി.
ദേശീയപാതയിലെ അശാസ്ത്രീയമായ ട്രാഫിക് പരിഷ്കാരം മൂലം അപകടങ്ങൾ പതിവാകുന്ന സാഹചര്യം യോഗം വിലയിരുത്തി. കഴിഞ്ഞ ദിവസം നടന്ന അപകടത്തിൽ ഒരാൾ മരിക്കാനിടയായ സാഹചര്യം കരാർ കമ്പനി പ്രതിനിധികളെ ആർ.ഡി.ഒ. അറിയിച്ചു. കുഞ്ഞിപ്പള്ളി ടൗണിൽ സർവ്വീസ് റോഡ് ഉപയോഗിക്കാൻ കഴിയാത്തതിനാൽ യാത്രക്കാർ അനുഭവിക്കുന്ന ദുരിതവും ആക്ഷൻ കമ്മിറ്റി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി. നിലവിൽ ദേശീയപാതയുടെ നടുവിലൂടെ നടന്നുപോയാണ് യാത്രക്കാർ ബസ് കയറുന്നത്. ഇത് അതീവ അപകടകരമാണെന്ന് പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
വിഷയത്തിൽ ശാശ്വത പരിഹാരം കാണുന്നതിനായി വിവിധ വകുപ്പ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഉടൻ യോഗം വിളിക്കുമെന്ന് ആർ.ഡി.ഒ. ഉറപ്പുനൽകി. ചർച്ചയിൽ അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ലീല, ആക്ഷൻ കമ്മിറ്റി കൺവീനർ കെ.പി. ജയകുമാർ, പി.പി. ശ്രീധരൻ, പ്രമോദ് മാട്ടാണ്ടി, സജീവൻ വാണിയംകുളം, വി.എൻ. ശ്രീകല, ഹാരിസ് മുക്കാളി, പ്രദീപ് ചോമ്പാല, കെ.എ. സുരേന്ദ്രൻ, പുരുഷു രാമത്ത് എന്നിവർ പങ്കെടുത്തു.
