കേരള ബിജെപിയിൽ തെരഞ്ഞെടുപ്പ് ഫണ്ട് വിവാദം: വ്യാപക ക്രമക്കേടെന്ന് കണ്ടെത്തൽ; നിഷേധിച്ച് ബിജെപി നേതൃത്വം

news image
Jul 9, 2026, 11:27 am GMT+0000 payyolionline.in

കോഴിക്കോട്: കേരള ബിജെപിയിൽ തെരഞ്ഞെടുപ്പ് ഫണ്ട് വിവാദം. നിയമസഭാ തെരഞ്ഞെടുപ്പിനായി കേന്ദ്ര നേതൃത്വം നൽകിയ തെരഞ്ഞെടുപ്പ് ഫണ്ടിൽ വ്യാപക ക്രമക്കേട് നടന്നെന്നാണ് കണ്ടെത്തൽ. സെൻട്രൽ ഓഡിറ്റിങ് വിഭാഗമാണ് ക്രമക്കേട് കണ്ടെത്തിയത്. കോടികളുടെ വെട്ടിപ്പ് നടന്നുവെന്നാണ് സംശയം. നേതാക്കളുടെ ഹെലികോപ്റ്റർ യാത്രയ്ക്ക് തുക കൂട്ടിയെഴുതിയും കൊടിയുടെ പേരിലും വിഐപി താമസം, ഭക്ഷണം, യാത്ര നിരക്ക് എന്നിവയിൽ ക്രമക്കേട് കാണിച്ചും കോടികൾ തട്ടിയതായാണ് കണ്ടെത്തൽ. പല തുകകകളും എഴുതിവാങ്ങിയതും അനധികൃതമായിട്ടാണെന്നും അതിന് കൃത്യമായ രേഖകളില്ലാതെയാണെന്നുമാണ് ഓഡിറ്റ് വിഭാഗം കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ഒരു വിധ ഫണ്ട് തട്ടിപ്പും നടന്നിട്ടില്ലെന്നാണ് ബിജെപി നേതൃത്വം ഔദ്യോ​ഗികമായി വ്യക്തമാക്കിയിരിക്കുന്നത്.

തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോ​ഗവുമായി ബന്ധപ്പെട്ട് ഏറ്റവും ആധികാരികമായി നടക്കുന്ന പരിശോധനയാണ് സെൻട്രൽ ഓഡിറ്റിം​ഗ്. ഇവരാണ് ക്രമക്കേട് സംബന്ധിച്ച വിവരങ്ങൾ ചൂണ്ടിക്കാണിച്ചിരിക്കുന്നത് എന്നതാണ് ​ഗൗരവമായിട്ടുള്ളത്. ചാർട്ടേർഡ് അക്കൗണ്ടുമാർ ഉൾപ്പെടെ അടങ്ങുന്നതാണ് സെൻട്രൽ ഓഡിറ്റിം​ഗ് കമ്മിറ്റി. ഇവർ നടത്തിയ പരിശോധനയിലാണ് വ്യാപകമായ ക്രമക്കേട് കണ്ടെത്തിയത്. ബിജെപി കേന്ദ്ര നേതൃത്വം സൗജന്യമായി നൽകുന്ന കൊടികളുടെ പേരിലും പണം എഴുതി വാങ്ങിയെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.

സംസ്ഥാന കമ്മിറ്റി ഓഫീസിൻ്റെ സെക്രട്ടറി, ഓഫീസിൻ്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി, സംസ്ഥാന ട്രഷറർ എന്നിവർക്ക് നേരെയാണ് ആരോപണത്തിൻ്റെ മുനനീളുന്നത്. ഫണ്ട് തട്ടിപ്പ് സംബന്ധിച്ച് വാർത്തകൾ പുറത്ത് വരാൻ തുടങ്ങിയതോടെയാണ് അങ്ങനെയൊരു തട്ടിപ്പ് നടന്നിട്ടില്ലെന്ന് വ്യക്തമാക്കാൻ ബിജെപി നേതൃത്വം നിർബന്ധിതരായത്. കേരളത്തിൻ്റെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി വിനോദ് ദാവ്ഡെ കേരളത്തിലെത്തുകയും അദ്ദേഹത്തിൻ്റെ മേൽനോട്ടത്തിലാണ് ഫണ്ട് വിനിയോ​ഗം നടന്നതെന്നുമാണ് ബിജെപി നേതൃത്വം വിശദീകരിക്കുന്നത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe