പയ്യോളി : മണിയൂർ പോക്സോ കേസിൽ ക്രൈംബ്രാഞ്ച് ഇന്ന് കൊയിലാണ്ടി പോക്സോ കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. വടകര ചങ്ങരോത്ത് സ്വദേശി അബ്ദുൽ റഫീഖും പീഡനത്തിനിരയായ പെൺകുട്ടിയുടെ മാതാവുമാണ് കേസിലെ പ്രതികൾ. പന്ത്രണ്ടുകാരിയെ മാതാവിന്റെ ഒത്താശയോടെ അബ്ദുൽ റഫീഖ് പീഡിപ്പിച്ചെന്നാണ് കേസ്. കാറുകളിൽ വെച്ചും വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയും കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. പീഡനം നടന്ന വാഹനങ്ങൾ അന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.
കഴിഞ്ഞ ജനുവരിയിൽ പയ്യോളി പോലീസ് രജിസ്റ്റർ ചെയ്ത കേസാണിത്. കേസെടുക്കുന്ന സമയത്ത് വിദേശത്തായിരുന്ന അബ്ദുൽ റഫീഖ് മുൻകൂർ ജാമ്യം നേടിയ ശേഷമാണ് നാട്ടിലെത്തിയത്. പ്രതിക്ക് മുൻകൂർ ജാമ്യം ലഭിച്ചതിനെത്തുടർന്ന് പോലീസിനെതിരെ വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. തുടർന്ന് കോടതി ജാമ്യം റദ്ദാക്കിയതിന് പിന്നാലെ വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ക്രൈംബ്രാഞ്ച് പ്രതിയെ പിടികൂടുകയായിരുന്നു. അബ്ദുൽ റഫീഖ് നിലവിൽ റിമാൻഡിലാണ്.
