ധനരാജ് വധക്കേസ്: മൂന്ന് പ്രതികൾ കുറ്റക്കാർ, ബാക്കി 16 പേരെ വെറുതെ വിട്ടു

news image
Nov 23, 2026, 8:44 am GMT+0000 payyolionline.in

കണ്ണൂർ: സിപിഎം പ്രവർത്തകൻ ധൻരാജ് വധക്കേസിലെ ആദ്യത്തെ മൂന്ന് പ്രതികൾ കുറ്റക്കാരെന്ന് കോടതി വിധി. കേസിലെ ഒന്ന് മുതൽ മൂന്ന് വരെയുള്ള പ്രതികളുടെ കൊലക്കുറ്റം തെളിഞ്ഞതായി തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തി. എന്നാൽ, സംശയത്തിന്റെ ആനുകൂല്യത്തിൽ നാല് മുതൽ 20 വരെയുള്ള പ്രതികളെ കോടതി വെറുതെ വിട്ടു. ക്രൂരമായ കൊലപാതകമാണെന്ന് നിരീക്ഷിച്ച കോടതി, ശിക്ഷാവിധിയിന്മേലുള്ള വാദം ഉച്ചയ്ക്ക് ശേഷം കേൾക്കുമെന്നും അന്തിമ ശിക്ഷ മറ്റന്നാൾ വിധിക്കുമെന്നും അറിയിച്ചു. ഒന്നാം സാക്ഷിയായ പ്രജീഷിന്റെ മൊഴി വിശ്വാസയോഗ്യമല്ലാത്തതിനാലാണ് നാല് മുതൽ 20 വരെയുള്ള പ്രതികളെ സംശയത്തിന്റെ ആനുകൂല്യം നൽകി വെറുതെ വിട്ടത്. പ്രജീഷ് സജീവ സി.പി.എം പ്രവർത്തകനും പാർട്ടി നിയന്ത്രണത്തിലുള്ള സ്ഥാപനത്തിലെ ജീവനക്കാരനുമാണെന്നും, ഇദ്ദേഹത്തിന്റെ മൊഴിയിൽ മറ്റ് സാക്ഷികളുടെ മൊഴികളുമായി പൊരുത്തക്കേടുകളുണ്ടെന്നുമുള്ള പ്രതിഭാ​ഗത്തിന്റെ വാദം കോടതി അം​ഗീകരിച്ചു.

എന്നാൽ കൊല്ലപ്പെട്ടയാളുടെ അമ്മയുടെ സാക്ഷിമൊഴി കോടതി പൂർണ്ണമായും സ്വീകരിച്ചു. അമ്മയ്ക്ക് പ്രതികളിൽ ചിലരെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ലെങ്കിലും, സംഭവസമയത്തെ അവരുടെ മാനസികാവസ്ഥ പരിഗണിക്കുമ്പോൾ അത് സ്വാഭാവികമാണെന്ന് കോടതി വ്യക്തമാക്കി. കൊലപാതകത്തിന്റെ ഉദ്ദേശ്യം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും, മാധ്യമ വാർത്തകളിലൂടെയാണ് സാക്ഷികൾ പ്രതികളെ തിരിച്ചറിഞ്ഞതെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദങ്ങൾ കോടതി തള്ളി. പകരം, വീട്ടിലെ വൈദ്യുത വെളിച്ചത്തിലാണ് സാക്ഷികൾ പ്രതികളെ കണ്ടതെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe