കേരളത്തിൽ ഗതാഗത നിയമലംഘനങ്ങൾക്ക് ചുമത്തിയിട്ടുള്ള പിഴത്തുക പകുതിയായി കുറച്ച് അടച്ചുതീർക്കാനുള്ള ആംനസ്റ്റി പദ്ധതി ഏപ്രിൽ 30-ന് അവസാനിക്കും. 2024 ഡിസംബർ 31-ന് മുൻപായി മോട്ടോർ വാഹന വകുപ്പും കേരള പോലീസും നൽകിയിട്ടുള്ള ചെലാനുകൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. കുടിശ്ശികയുള്ള പിഴത്തുകയുടെ 50 ശതമാനം മാത്രം അടച്ച് കേസുകൾ തീർപ്പാക്കാൻ വാഹന ഉടമകൾക്ക് ലഭിക്കുന്ന അവസാന അവസരമാണിത്.
വാഹന ഉടമകൾക്ക് https://services.mvd.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ നൽകി ഫൈൻ അടയ്ക്കാവുന്നതാണ്. മേയ് ഒന്നു മുതൽ പഴയ നിരക്കിൽ തന്നെ പിഴ ഈടാക്കി തുടങ്ങുമെന്നതിനാൽ, ഈ ഇളവ് പ്രയോജനപ്പെടുത്തി നിയമനടപടികളിൽ നിന്ന് ഒഴിവാകാൻ ഉടമകൾ ശ്രദ്ധിക്കണം. പിഴയടയ്ക്കാത്ത വാഹനങ്ങൾക്ക് ആർ.ടി.ഒ ഓഫീസുകളുമായുള്ള സേവനങ്ങൾക്ക് തടസ്സം നേരിടാൻ സാധ്യതയുണ്ട്.
