മുക്കാളിയിൽ കോൺക്രീറ്റ് ഭിത്തി ഉയരുന്നു; മഴയ്ക്ക് മുൻപേ പണി തീരുമോ എന്ന് ആശങ്ക

news image
Apr 14, 2026, 4:32 am GMT+0000 payyolionline.in

വടകര: ദേശീയപാതാ നവീകരണത്തിനിടെ സോയിൽ നെയിലിങ് സംരക്ഷണഭിത്തി തകർന്ന മുക്കാളിയിൽ കോൺക്രീറ്റ് ഭിത്തിയുടെ നിർമാണം അന്തിമഘട്ടത്തിലേക്ക്. അഴിയൂർ-വടകര റൂട്ടിൽ വലതുവശത്തായി ഏകദേശം 80 മീറ്ററോളം നീളത്തിലാണ് പുതിയ ഭിത്തി പണിതത്. ഇതിന് പിന്നാലെ ഭിത്തിയുടെ മറുവശത്ത് മണ്ണിട്ടുയർത്തി റോഡ് ഒരുക്കുന്ന പ്രവൃത്തികളും ആരംഭിച്ചിട്ടുണ്ട്.

​2024 ജൂലൈ ഒന്നിനാണ് മുക്കാളിയിലെ സോയിൽ നെയിലിങ് ഭിത്തി തകർന്ന് വീണത്. അപകടാവസ്ഥയിലായ കുന്നിൻ ചരിവ് എങ്ങനെ സംരക്ഷിക്കണമെന്ന അനിശ്ചിതത്വം കാരണം ഒരു വർഷത്തോളം പ്രവൃത്തികൾ തടസ്സപ്പെട്ടിരുന്നു. ആർ.ഇ. പാനലുകൾ ഉപയോഗിച്ച് മണ്ണുയർത്താനുള്ള നീക്കം നാട്ടുകാർ തടഞ്ഞതോടെയാണ് ശക്തമായ കോൺക്രീറ്റ് ഭിത്തി തന്നെ നിർമിക്കാൻ തീരുമാനമായത്. സോയിൽ നെയിലിങ് തകർന്ന മടപ്പള്ളിയിലും ഇപ്പോൾ കോൺക്രീറ്റ് ഭിത്തിയുടെ പണികൾ പുരോഗമിക്കുന്നുണ്ട്.

​ഏകദേശം എട്ട് മീറ്ററോളം ഉയരമുള്ള ഭാഗങ്ങളിൽ കോൺക്രീറ്റ് ഭിത്തി നിർമിക്കുന്നത് വെല്ലുവിളിയാണെങ്കിലും, രാധാ കൺസ്ട്രക്ഷൻസ് കമ്പനി നിർമാണം ഊർജിതമാക്കിയിട്ടുണ്ട്. മുക്കാളിയിലും മടപ്പള്ളിയിലും ഭിത്തികൾ പൂർത്തിയായാൽ അഴിയൂർ മുതൽ കൈനാട്ടി വരെയുള്ള റോഡ് നവീകരണം പൂർണ്ണരൂപത്തിലാകും.

​എങ്കിലും, കാലവർഷം എത്താൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ നിർമ്മാണം പൂർത്തിയാകുമോ എന്ന കാര്യത്തിൽ പ്രദേശവാസികൾക്ക് ആശങ്കയുണ്ട്. പണി തീരാത്ത ഭാഗങ്ങളിൽ ഇത്തവണയും മണ്ണിടിച്ചിൽ ഭീഷണിയും ഗതാഗതക്കുരുക്കും തുടരാൻ സാധ്യതയുണ്ട്. നിലവിൽ നിർമ്മാണം നടക്കുന്ന ഭാഗങ്ങളിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയാണ് പണികൾ മുന്നോട്ട് പോകുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe