സ്വീറ്റ് മേലടി ട്രസ്റ്റ് ഉദ്ഘാടനം 27-ന് മേപ്പയ്യൂരിൽ; വിദ്യാർത്ഥി ക്ഷേമത്തിനായി അധ്യാപകരുടെ കൂട്ടായ്മ

news image
Mar 24, 2026, 2:34 pm GMT+0000 payyolionline.in

മേപ്പയ്യൂർ: മേലടി ഉപജില്ലയിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മിടുക്കരായ വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സഹായ സമിതി ഇനി മുതൽ ‘സ്വീറ്റ് മേലടി’ (Students Welfare Educational Empowering Trust) എന്ന പേരിൽ ട്രസ്റ്റായി പ്രവർത്തിക്കും. ട്രസ്റ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 27-ന് ഉച്ചയ്ക്ക് 2 മണിക്ക് മേപ്പയ്യൂർ ടി.കെ. കൺവെൻഷൻ സെന്ററിൽ നടക്കും. എസ്.സി.ഇ.ആർ.ടി. ഡയറക്ടർ ഡോ. ആർ.കെ. ജയപ്രകാശ് ഉദ്ഘാടനകർമ്മം നിർവ്വഹിക്കും.

1982 മുതൽ ഉപജില്ലയിലെ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകളും മറ്റ് വിദ്യാഭ്യാസ സഹായങ്ങളും നൽകി വരുന്ന സമിതി, ഇനി മുതൽ ഉപജില്ലയിലെ മുഴുവൻ അധ്യാപകരെയും ഉൾപ്പെടുത്തിയാണ് വിപുലമായ രീതിയിൽ ട്രസ്റ്റായി മാറുന്നത്. ട്രസ്റ്റ് ചെയർമാൻ പി.കെ. അബ്ദുറഹ്മാൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് അധ്യാപക സംഗമം, യാത്രയയപ്പ് സമ്മേളനം, അനുമോദന സദസ്സ് എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. കോഴിക്കോട് ഡി.ഡി.ഇ. അസീസ് ടി. മുഖ്യാതിഥിയാകും.

യാത്രയയപ്പ് സമ്മേളനം പ്രശസ്ത കവി എം.എം. സചീന്ദ്രനും, അനുമോദന സദസ്സ് ഡയറ്റ് പ്രിൻസിപ്പാൾ ഡോ. യു.കെ. അബ്ദുൾ നാസറും ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് ലോഗോ പ്രകാശനം മേലടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി. ഹസീസ് നിർവ്വഹിക്കും. എച്ച്.എം. ഫോറം കൺവീനർ സജീവൻ കുഞ്ഞോത്ത് റിപ്പോർട്ട് അവതരിപ്പിക്കും. ലോഗോ ഡിസൈനർക്കുള്ള ഉപഹാര സമർപ്പണം മേലടി ബി.പി.സി. എം.കെ. രാഹുൽ നടത്തും. ട്രസ്റ്റ് കൺവീനർ പി. അനീഷ് സ്വാഗതവും ട്രഷറർ കെ.ജെ. ഷാജു നന്ദിയും പറയും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe