കുറ്റിപ്പുറം: കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ വെച്ച് മധ്യവയസ്കനിൽ നിന്നും നേരിട്ട ദുരനുഭവം വീഡിയോ സഹിതം പുറത്തുവിട്ട് യുവതി. രാത്രി ഒന്നരയോടെ ട്രെയിൻ കാത്തുനിൽക്കുന്നതിനിടെയാണ് യാസ്മിൻ എന്ന യുവതിക്ക് നേരെ റെയിൽവേ സ്റ്റേഷനിൽ വെച്ച് മധ്യവയസ്കൻ നഗ്നതാപ്രദർശനവും അശ്ലീലചേഷ്ടകളും നടത്തിയത്.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ യുവതി ഇൻസ്റ്റഗ്രാം വഴി പങ്കുവെച്ചു. വസ്ത്രധാരണത്തെ കുറ്റപ്പെടുത്തുന്നവർക്കായി താൻ പർദ്ദയാണ് ധരിച്ചിരുന്നതെന്ന് യുവതി വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. ആറ് ദശലക്ഷത്തിലധികം ആളുകൾ ഇതിനോടകം ഈ വീഡിയോ കണ്ടുകഴിഞ്ഞു.
പ്രതിക്കെതിരെ യുവതി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. വീഡിയോ ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ട് ആരും വരേണ്ടതില്ലെന്നും ഇത്തരക്കാർക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും യുവതി പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
