കോഴിക്കോട്: ലോക വനിതാദിനത്തിൽ സംസ്ഥാനത്തെ പിങ്ക് പോലീസ് പുതിയ സമയക്രമം സ്വീകരിക്കുകയാണ്. ഇനിമുതൽ പിങ്ക് പോലീസ് പട്രോളിങ് പുലർച്ചെ അഞ്ചുവരെയാകും. സംസ്ഥാനതലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കംകുറിച്ച ‘നിർഭയനിശ’ പദ്ധതിക്ക് കോഴിക്കോട് സിറ്റിയിലും വനിതാദിനത്തിൽ തുടക്കമാവും.റോഡിലൂടെ പോകുന്ന പിങ്ക് പോലീസ് വാഹനം കൗതുകത്തോടെ നോക്കിനിൽക്കുന്നവരായിരിക്കും പലരും.
പിങ്ക് പോലീസ് എന്ന പേരും പിങ്ക് നിറമുള്ള പോലീസ് വാഹനവും എല്ലാവർക്കും സുപരിചിതമാണെങ്കിലും ഇവരുടെ പ്രവർത്തനങ്ങളെക്കുറിച്ച് പലർക്കും വലിയ ധാരണയില്ല. ശരിക്കും പിങ്ക് പോലീസിന്റെ ഒരുദിവസത്തെ പ്രവർത്തനം എങ്ങനെയാണെന്ന ചോദ്യത്തിന് ‘‘റോസ് വണ്ടി ഇതിലൂടെയൊക്കെ പോകുന്നതുകാണാം’’ എന്നാണ് പൊതുവേ പ്രതികരണം.
മൂന്ന് സബ് ഡിവിഷനുകളായാണ് കോഴിക്കോട് നഗരത്തിലെ പിങ്ക് പോലീസ് പ്രവർത്തനം. കോഴിക്കോട് ടൗൺ, മെഡിക്കൽ കോളേജ്, ഫറോക്ക് എന്നിവിടങ്ങളിലായി മൂന്നുവാഹനത്തിൽ പട്രോളിങ് നടത്തും. ഒരുവാഹനത്തിൽ ഡ്രൈവർ ഉൾപ്പെടെ രണ്ടോ, മൂന്നോ പേരാണ് ഉണ്ടാകുക. രാവിലെ 7.30-ന് സ്റ്റേഷനിലെത്തുന്ന പിങ്ക് പോലീസ് ഉദ്യോഗസ്ഥർ കൃത്യം എട്ടോടെ പ്രവർത്തനത്തിന് സജ്ജമായി സ്റ്റേഷനിൽനിന്നിറങ്ങും. 8.30-ഒാടെ സ്കൂൾ പോയിന്റുകളിലെത്തും, സ്കൂൾവിദ്യാർഥികളെ റോഡ് മുറിച്ചുകടക്കാൻ സഹായിക്കുന്നതിൽത്തുടങ്ങി, മിസ്സിങ് കേസുകൾ ഉൾപ്പെടെ പരിശോധിക്കണം.
പിന്നീട് നഗരത്തിന്റെ പലഭാഗത്തായി പട്രോളിങ് നടത്തുന്ന പോലീസുകാർ സ്ത്രീകളുടെ പലപ്രശ്നങ്ങൾക്കും പരിഹാരംകാണേണ്ടിവരുന്നു. മയക്കുമരുന്നുപയോഗിച്ച പെൺകുട്ടികളുമായി ഇടപെടേണ്ടിവരുമ്പോഴാണ് ഇവർക്ക് കൂടുതൽ ശ്രദ്ധിക്കേണ്ടിവരുന്നത്. അവർ ആക്രമിക്കാൻ ശ്രമിക്കാറുണ്ടെന്ന് പിങ്ക് പട്രോളിങ് വേളയിലെ ദുരനുഭവത്തെക്കുറിച്ച് ചോദിച്ചപ്പോൾ സിവിൽ പോലീസ് ഓഫീസർമാരായ കെ.സി. രമ്യയും പി. ഫസീലയും പറഞ്ഞു.
ഇതുവരെ രാത്രി എട്ടുവരെമാത്രം നടത്തിയിരുന്ന പട്രോളിങ് ഇനിമുതൽ പുലർച്ചെ അഞ്ചുവരെയാകുമ്പോൾ സ്ത്രീകൾക്ക് കൂടുതൽസമയം സുരക്ഷയൊരുക്കാൻ സാധിക്കുമെന്ന് പ്രതീക്ഷയുണ്ട്. ഇനി കോഴിക്കോട് നഗരത്തിൽ ഏത് പാതിരാത്രിയും നേരത്തേപറഞ്ഞ ‘റോസ് വണ്ടി’ കാണാൻകഴിയും. ‘നിർഭയനിശാ’ പദ്ധതിയുടെ കോഴിക്കോട് സിറ്റി ജില്ലാതല ഉദ്ഘാടനം ഞായറാഴ്ച രാത്രി എട്ടിന് കെ.പി. സുധീര നിർവഹിക്കും.
