പയ്യോളി: അധികാരസ്ഥാനങ്ങളിൽ നിന്ന് അകറ്റി നിറുത്തിയാൽ തകരുന്നതല്ല സോഷ്യലിസ്റ്റ് രാഷ്ട്രീയമെന്ന് അധികാര വർഗം തിരിച്ചറിയണമെന്ന് ആർ.ജെ.ഡി.സംസ്ഥാന ജനറൽ സെക്രട്ടറി യൂജിൻ മോറേലി അഭിപ്രായപ്പെട്ടു. തലേദിവസം വരെ പ്രത്യയശാസ്ത്രത്തെ മാനംമുട്ടെ എതിർക്കുകയും നേരം വെളുക്കുമ്പോൾ മറുചേരിയുടെ വക്താക്കളാവുന്ന രാഷ്ട്രീയം കാപട്യം നിറഞ്ഞതാണ്. അഴിമതി പോലെ തന്നെ ഇത്തരം ചെയ്തികൾ പൊതു രാഷ്ട്രീയത്തിൻ്റെ മൂല്യബോധത്തിന് കത്തിവെയ്ക്കലാണ്.
മരട് പ്രശ്നത്തിൽ പാർട്ടി ഇരകൾക്കൊപ്പമാണ്. ഭൂമി വില കൊടുത്ത് വാങ്ങുകയും സർക്കാർ കരം ഒടുക്കുകയും ചെയ്യുകയും തലമുറകളായി താമസിക്കുകയും ചെയ്യുന്നവരെ പെരുവഴിയിലാക്കുന്നതിനോട് ആർ.ജെ.ഡി.യ്ക്ക് യോജിപ്പില്ല. വയനാട്ടിൽ 500 ലധികം ഏക്കർ ഭൂമി 100 വർഷത്തേയ്ക്ക് വില വാങ്ങാതെ പാട്ടത്തിന് നല്കുകയും കാലവധി കഴിഞ്ഞപ്പോൾ അത് ഏറ്റെടുക്കാതെ ഭൂമിദാനമായി കണക്കാക്കിയ കുടുംബ പാരമ്പര്യത്തിൻ്റെ മഹത്വമാണ് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിനുള്ളത്. ആർ.ജെ.ഡി. പയ്യോളി മുൻസിപ്പൽതല നേതൃസംഗമംകാഞ്ഞിരോളി കുഞ്ഞിക്കണ്ണൻ നഗറിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുഅദ്ദേഹം.
ആർ.ജെ.ഡി. മുൻസിപ്പൽ പ്രസിഡണ്ട് പി ടി രാഘവൻ അധ്യക്ഷം വഹിച്ചു. ജനറൽ സെക്രട്ടറി കെ പി ഗിരീഷ്കുമാർ സ്വാഗതം പറഞ്ഞ പരിപാടിയിൽ സജി എൻ നരിക്കുഴി നേതൃ പരിശീലന ക്ലാസെടുത്തു. വിവിധ സെഷനുകളിൽ എം പി ശിവാനന്ദൻ, രാമചന്ദ്രൻ കുയ്യണ്ടി, ഷബീറലി, പി സി നിഷാകുമാരി, പുനത്തിൽ ഗോപാലൻ മാസ്റ്റർ, ചെറിയാവി സുരേഷ്ബാബു, രാജൻ കൊളാവിപ്പാലം, വള്ളിൽ മോഹൻദാസ് മാസ്റ്റർ, രാജ് നാരായണൻ, കെ വി ചന്ദ്രൻ, സിന്ധു ശ്രീശൻ, എ വി സത്യൻ, രജിത കൃഷ്ണദാസ്, പി പി മോഹൻദാസ് എന്നിവർ സംസാരിച്ചു.വിവിധ പാർട്ടികളിൽ നിന്ന് രാജിവെച്ച് ആർ.ജെ.ഡി. യിലേക്ക് പുതുതായി ചേർന്ന പ്രവർത്തകരെ പതാക നൽകി സ്വീകരിച്ചു.