പയ്യോളി: ദുരന്തഭൂമിയായ വയനാടിന് സഹായഹസ്തവുമായി പയ്യോളി വ്യാപാരി വ്യവസായി ഏകോപന സമിതി. പ്രകൃതി ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട വയനാട്ടിലെ ദുരിതബാധിതർക്ക് സഹായവുമായാണ് പയ്യോളിയിൽ നിന്നുള്ള ആദ്യ സംഘം ഇന്ന് പുറപ്പെടുന്നത്. ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും വെള്ളവും ആയാണ് വയനാട്ടിലേക്ക് പോകുന്നത്.
നേരത്തെ കവളപ്പാറ ദുരന്തത്തിൽ സഹായം നൽകിയതിന്റെ കരുത്തുമായാണ് വ്യാപാരി വ്യവസായി ഏകോപന സമിതി പയ്യോളി യൂണിറ്റ് പ്രസിഡണ്ട് കെഎം ഷമീറിന്റെ നേതൃത്വത്തിലുള്ള സംഘം പോകുന്നത്.
മുൻപ് ശേഖരിച്ച വസ്ത്രങ്ങൾക്ക് പുറമേ ഇന്ന് പകൽ മുഴുവൻ ലഭിച്ച വസ്ത്രങ്ങളും മറ്റു വസ്തുക്കളും ചേർത്തിട്ടുണ്ട്. അസീസ് പുടവ, ഫർസാദ്, നൗഷാദ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഇവർക്ക് സഹായത്തിനായി ബ്ലഡ് ഡോനേഴ്സ് പയ്യോളിയും രംഗത്തുണ്ട്.
വയനാട്ടിൽ ദുരന്തം ഉണ്ടായ വിവരം ലഭിച്ചപ്പോൾ തന്നെ കൈത്താങ്ങിനായുള്ള സന്ദേശം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇത്തരത്തിൽ പയ്യോളിയിലെ വ്യാപാര സമൂഹത്തിൽ നിന്ന് ലഭിച്ച വസ്തുക്കളാണ് ഭൂരിഭാഗവും. പേരാമ്പ റോഡിൽ ആനന്ദ് ഹോസ്പിറ്റലിന് സമീപത്തായി ഒരു കടമുറി ഇതിനായി സജ്ജമാക്കിയിട്ടുണ്ട്.
സഹായങ്ങൾ പ്രാദേശികമായി നൽകുന്നതിലെ ബുദ്ധിമുട്ട് കണക്കിലെടുത്ത് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി മൂന്ന് സംഭരണ കേന്ദ്രങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ലഭിക്കുന്ന സഹായങ്ങൾ ഇത്തരം കേന്ദ്രങ്ങളിലേക്കാവും നൽകുക എന്ന് പ്രസിഡന്റ് കെ എം ഷമീർ അറിയിച്ചു.