കീഴരിയൂർ: സ്വാതന്ത്ര്യ സമരത്തിൽ മലബാറിലെ ശ്രദ്ധേയമായിരുന്ന സംഭവമായിരുന്നു കീഴരിയൂർ ബോംബ് നിർമാണമെന്ന് മുൻ കേന്ദ്ര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. സമരത്തിലെ നിർണായക ഘട്ടമായ ക്വിറ്റ് ഇന്ത്യാ സമരത്തെ എതിർത്തവർ ഇന്നത് അംഗീകരിക്കുന്നു എന്ന കാര്യം നല്ല മാറ്റമാണ്. കീഴരിയൂർ സികെജി സാംസ്കാരിക വേദി ഫ്രീഡം ഫൈറ്റേഴ്സ് സ്‌റ്റേഡിയത്തിൽ സംഘടിപ്പിച്ച കീഴരിയൂർ ബോംബ് കേസ് അനുസ്മരണ സമ്മേളനവും വി.എ.കേശവൻ നായർ രചിച്ച ‘ഇരുമ്പഴിക്കുള്ളിൽ’ പുസ്തകത്തിൻ്റെ പുന: പ്രകാശന കർമവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഒരു കാലത്ത് ഇന്ത്യൻ ഭരണ ഘടന കത്തിച്ചവർ ഇന്ന് അതിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്യുന്നു. ജനാധിപത്യം പുലർത്താനും വർഗീയതയെ എതിർക്കാനും കോൺഗ്രസിന് വലിയ വില നൽകേണ്ടി വന്നിട്ടുണ്ട്.
ബോംബ് കേസിലെ പതിന്നാലാം പ്രതിയായിരുന്ന മുള്ളങ്കണ്ടി മീത്തൽ കുഞ്ഞിരാമൻ എന്ന സമര രക്തസാക്ഷിയുടെ മകൾ കല്യാണിയമ്മക്ക് നാടിൻ്റെ ഉപഹാരം മുല്ലപ്പള്ളി നൽകി. സികെജി സാംസ്കാരിക വേദി പ്രസിഡൻ്റ് ഇടത്തിൽ ശിവൻ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡൻ്റ് കെ. പ്രവീൺ കുമാർ ബോംബ് കേസ് അനുസ്മരണ പ്രഭാഷണം നടത്തി. വിജയരാഘവൻ ചേലിയ പുസ്തക പരിചയം നടത്തി.
രാജേഷ് കീഴരിയൂർ, ഇടത്തിൽ രാമചന്ദ്രൻ, പി.കെ.മനോജ് കുമാർ, സവിത നിരത്തിൻ്റെ മീത്തൽ,
ടി.എം.പ്രജേഷ് മനു എന്നിവർ പ്രസംഗിച്ചു.