സംസ്ഥാനത്തെ മുഴുവൻ കുടുംബങ്ങളിലും കുടിവെള്ളം ലഭ്യമാക്കും; മന്ത്രി റോഷി അഗസ്റ്റിൻ

news image
Oct 6, 2023, 4:26 am GMT+0000 payyolionline.in

പയ്യോളി: കേരളത്തിലെ ശേഷിക്കുന്ന കുടുംബങ്ങളിൽ സമ്പൂർണ്ണമായി ഗ്രാമീണ കുടിവെള്ളം ലഭ്യമാക്കാനാവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ.പയ്യോളി തീരദേശ കുടിവെള്ള പദ്ധതി പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന 14 .5 ലക്ഷം ലിറ്റർ ശേഷിയുള്ള ജലസംഭരണിയുടെയും 64 .4 കിലോമീറ്റർ ദൈർഘ്യമുള്ള ജലവിതരണ ശൃംഖലയുടെയും നിർമ്മാണ പ്രവൃത്തികളുടെയും ഉദ്ഘാടനം മന്ത്രി നിർവഹിച്ചു.കൊയിലാണ്ടി മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി 318 കോടിയോളം രൂപയുടെ പദ്ധതികൾക്ക് ഭരണാനുമതി നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

 

 

കാപ്പാട് തീര സംരക്ഷണത്തിനായി കേന്ദ്ര ഏജൻസിയായ നാഷണൽ സെൻ്റർ ഫോർ കോസ്റ്റൽ റിസർച്ചിൻ്റെ നേതൃത്വത്തിൽ പഠനം നടത്തിയതിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.  ഇതിൻ്റെ അടിസ്ഥാനത്തിൽ ഡി പി ആർ തയ്യാറാക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.പയ്യോളി നഗരസഭയിൽ ഉൾപ്പെടുന്ന തീര പ്രദേശങ്ങളിലെ ഒന്നും രണ്ടും കൂടാതെ 22 മുതൽ 36 വരെയുള്ള 17 വാർഡുകളിലെ ജനങ്ങൾക്ക് കുടിവെള്ളം നൽകുന്നതിന് സംസ്ഥാന പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പദ്ധതിയാണ് പയ്യോളി തീരദേശ കുടിവെള്ള പദ്ധതി.പെരുവണ്ണാമൂഴി ഡാം റിസെർവോയറിൽ ജിക്കി പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച കിണറും അതിനോടനുബന്ധിച്ചുള്ള 174 ദശലക്ഷം ലിറ്റർ ഉൽപാദന ശേഷിയുള്ള ജല ശുദ്ധീകരണ ശാലയുമാണ് പദ്ധതിയുടെ സ്രോതസ്സ്.തീരദേശ മേഖലയിലെ 4575 കുടുംബങ്ങളിലുള്ളവർക്ക്  പ്രയോജനം ലഭിക്കുന്ന പദ്ധതിയാണിത്.

പയ്യോളി ടെക്നിക്കൽ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കാനത്തിൽ ജമീല എം.എൽ.എ അധ്യക്ഷയായി.കെ.ഡബ്ല്യൂ.എ സൂപ്രണ്ടിങ് എഞ്ചിനീയർ വി.കെ ജയശ്രീ റിപ്പോർട്ട് അവതരിപ്പിച്ചു.നഗരസഭാ വെെസ് ചെയർപേഴ്സൺ പത്മശ്രീ പള്ളിവളപ്പിൽ, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.എം ഹരിദാസൻ,മഹിജാ എളോടി,സുജല ചെത്തിൽ,കെ.ടി വിനോദൻ,അഡ്വ.ജോസ് ജോസഫ്,മുൻ എം.എൽ.എ കെ.ദാസൻ, ഷഫീഖ് വടക്കയിൽ, വി.ടി ഉഷ, എം.പി ഷിബു, സബീഷ് കുന്നങ്ങോത്ത്, ബഷീർ മേലടി വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ സംസാരിച്ചു.നഗരസഭാ ചെയർമാൻ വി.കെ അബ്ദുറഹിമാൻ സ്വാഗതവും സ്വാഗത സംഘം കൺവീനർ കെ.സി ബാബുരാജ് നന്ദിയും പറഞ്ഞു. പയ്യോളി തീരദേശ കുടിവെള്ള പദ്ധതി പ്രവൃത്തി ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിക്കുന്നു.

 

 

 

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe