കൊയിലാണ്ടി : മികച്ച കർഷക സ്കൂൾ അവാർഡ് ചെങ്ങോട്ട്കാവ് പഞ്ചായത്തിലെ ആന്തട്ട ഗവ.യു.പി. സ്കൂൾ കർഷക ദിനത്തിൽ ഏറ്റുവാങ്ങി. ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തിന്റെ ഇ.എം.എസ് ഓഡിറേറാറിയത്തിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ നിന്നും ഹെഡ്മാസ്റ്റർ എം.ജി. ബൽരാജ് ഏറ്റുവാങ്ങി. ഗ്രാമ പഞ്ചായത്ത് അംഗങ്ങളും സ്കൂൾ പി.ടി.എ ഭാരവാഹികളും വിദ്യാർത്ഥി പ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തിരുന്നു.
സ്കൂൾ നടത്തിയ വിത്തെറിയാം വിളവെടുക്കാം പദ്ധതിയുടെ ഭാഗമായി കിന്റൽ കണക്കിന് ജൈവ പച്ചക്കറികൾ ഉൽപാദിപ്പിക്കാൻ കഴിഞ്ഞിരുന്നു. ചീര, പയർവർഗങ്ങൾ എന്നിവയും കൃഷി ചെയ്തു. മുന്നാസ് ഗ്രൂപ്പിൽ നിന്നും വിട്ടു കിട്ടിയ 22 സെൻറ് സ്ഥലത്തായിരുന്നു കൃഷി. പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ മഹിളാ കിസാൻ പദ്ധതി പ്രകാരമാണ് കൃഷി നടന്നത്. കുട്ടികൾക്കൊപ്പം പത്തംഗ മദർ പി.ടി.എ ഗ്രൂപ്പും കൃഷിയിൽ സഹായിച്ചു. ഈ പത്തുപേർക്കും ട്രാക്ടർ ഓടിക്കാനുള്ള പരിശീലനവും നൽകി. ആന്തട്ട മോഡൽ കൃഷി ബ്ലോക്കിൽ വ്യാപിപ്പിക്കുമെന്ന് പത്രകുറിപ്പിലൂടെ ബ്ലോക്ക് പ്രസിഡണ്ട് പി.ബാബുരാജ് നടത്തിയ പ്രഖ്യാപനം തന്നെ കൃഷിരീതിക്കുള്ള അംഗീകാരമായി മാറിയിരുന്നു. കാച്ചിൽ, ചേന, ചേമ്പ്, ഇഞ്ചി, മഞ്ഞൾ എന്നിവയുടെ ഇടവിള കൃഷിയും കര നെൽകൃഷിയും പദ്ധതിയുടെ ഭാഗമായി നടന്നു.