വടകര: ദേശീപാത നവീകരണത്തിന്റെ ഭാഗമായി വടകര മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് അടിയന്തിര പരിഹാര നടപടികൾ സ്വീകരിക്കണമെന്ന് കെ.കെ.രമ എം.എൽ.എ. മഴക്കാലമായതിനാൽ വടകര മുതൽ കുഞ്ഞിപ്പള്ളി വരെയുള്ള പാതയോട് ചേർന്ന് കിടക്കുന്ന സ്ഥലങ്ങളിലെ ജനങ്ങൾ വെള്ളക്കെട്ടും, ചെളിയും മൂലം വലിയ പ്രയാസങ്ങളാണ് അനുഭവിക്കുന്നത്.
മഴകാരണം പാതി ചെയ്തു പണി നിർത്തിയ ഭാഗങ്ങളിലും അശാസ്ത്രീയമായ ഓവുചാൽ നിർമാണത്തെ തുടർന്നും ജനങ്ങൾക്ക് റോഡിലൂടെ വഴിനടക്കാൻ പോലും കഴിയാത്ത സാഹചര്യം പല സ്ഥലത്തും നിലനിക്കുന്നതായി നാട്ടുകാർ പറയുന്നു. ഇതേ തുടർന്ന് ദേശീപാത അതോറിറ്റി ഉദ്യോഗസ്ഥരെ എം.എൽ.എ വിളിച്ചു വരുത്തുകയായിരുന്നു.
വടകര പുതിയ സ്റ്റാൻഡ് പരിസരം, ഹൈവേയിൽ നിന്നും ജില്ലാ ആശുപത്രിയിലേക്ക് പ്രവേശിക്കുന്ന ലിങ്ക് റോഡിനു എതിർവശമുള്ള സ്ഥലം, ചോറോട്, കൈനാട്ടി തുടങ്ങിയ പ്രധാന പ്രശ്നബാധിത സ്ഥലങ്ങളിൽ എം.എൽ.എയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സന്ദർശിക്കുകയും പ്രയാസങ്ങൾ നേരിട്ട് ബോധ്യപ്പെടുത്തുകയും ചെയ്തു.
കൈനാട്ടി ചെല്ലെട്ടം വീട്ടിൽ റോഡിൽ കുടുംബശ്രീ റോഡുവഴിയുള്ള വെള്ളത്തിന്റെ ഒഴുക്ക് ദേശീയപാതയുടെ നിർമാണം പൂർത്തിയാകുമ്പോൾ കൾവർട്ട് വഴി കിഴക്കു ഭാഗത്തേക്ക് ഒഴുക്കി വിടുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനൽകിയതായി എം.എൽ.എ പറഞ്ഞു. ഈ റോഡ് വളരെ വൈകാതെ തന്നെ യാത്ര യോഗ്യമാക്കുമെന്നും ഉദോഗസ്ഥർ നാട്ടുകാർക്ക് ഉറപ്പു നൽകി. ചോറോട് പഞ്ചായത്ത് പ്രസിഡന്റ് പി.പി.ചന്ദ്രശേഖരൻ മാസ്റ്റർ, ജനിൽ കുമാർ, സി.നിജിൽ, വി.എം.ബിനീഷ്, സുരേഷ് ബാബു, വാർഡ് കൗൺസിലർ റിനീഷ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.