‘ മാലിന്യ മുക്തം നവകേരളം’ ; പയ്യോളിയില്‍ ജനകീയ ക്യാമ്പയിൻ ആരംഭിച്ചു

news image
Oct 2, 2024, 9:15 am GMT+0000 payyolionline.in

പയ്യോളി:  ഗാന്ധിജയന്തി ദിനത്തിൽ “മാലിന്യ മുക്തം നവകേരളം” ജനകീയ ക്യാമ്പയിൻ പയ്യോളിയിൽ ആരംഭിച്ചു. നഗരസഭ ചെയർമാൻ വി കെ . അബ്ദു റഹിമാൻ ബീച്ച് റോഡിലെ ഗാന്ധി പ്രതിമയ്ക്ക് ഹാരം അർപ്പിച്ച ശേഷം പരിപാടികൾ ആരംഭമായി. നഗരസഭയിലെ എല്ലാ ഡിവിഷനുകളിലായി കൗൺസിലർമാരുടെ നേതൃത്ത്വത്തിൽ 50 ഓളം പരിപാടികൾ നടന്നു. 180 ദിവസത്തെ കർമ്മ പരിപാടികൾക്കായാണ് ഈ ക്യാമ്പയിൻ രൂപം നല്കിയിട്ടുള്ളത്.

നഗരസഭ തല നിർവ്വഹണ സമിതിയും കൂടാതെ ഓരോ വാർഡിലും നിർവ്വഹണ സമിതികളും രൂപീകരിച്ചു. മാലിന്യ മുക്തം നവകേരളം ഒന്നാം ഘട്ട പ്രവർത്തനങ്ങളിൽ കണ്ട് വരുന്ന പോരായ്മകൾ രണ്ടാം ഘട്ടത്തിൽ പരിഹരിക്കുമെന്ന് ഉറപ്പു നൽകി. കോട്ടക്കടപ്പുറം എം ആര്‍ എഫ്   കേന്ദ്രം ജില്ലാതല പരിശീലന കേന്ദ്രമാക്കുന്നതിന്റെ ഭാഗമായി, നേച്ച്വർ ഗാർഡിന്റെ സഹകരണത്തോടെ മൂന്ന് മിനി എം സി എഫ്  കൾ മോഡൽ എം സി എഫ്  കളായി മാറ്റാൻ നടപടികൾ സ്വീകരിക്കുവാൻ തീരുമാനിച്ചു.

 

ഗാന്ധിജയന്തി ദിനത്തിൽ 10 ടണ്ണിലധികം പാഴ്‌വസ്തുക്കൾ ശേഖരിക്കപ്പെട്ടു. രണ്ടാം ഘട്ട പ്രവർത്തനത്തിന്റെ ഭാഗമായി, 100 സി സി ടി വി  ക്യാമറകൾ സ്ഥാപിക്കുക, 1000 റിംഗ് കമ്പോസ്റ്റുകൾ, 150 ജിബിന്നുകൾ വിതരണം ചെയ്യുക, 1000 കമ്പോസ്റ്റ് പിറ്റുകൾ നിർമ്മിക്കുക, 500 ബിന്നുകൾ പൊതുസ്ഥലങ്ങളിൽ സ്ഥാപിക്കുക, എന്നിവയുടെ പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ട്.ചടങ്ങിൽ വി കെ‌. അബ്ദു റഹിമാൻ ഉദ്ഘാടനം നിർവ്വഹിച്ചു.

പി എം ഹരിദാസൻ അധ്യക്ഷനായി. വൈസ് ചെയര്‍ പേഴ്സണ്‍ പത്മശ്രീ പള്ളിവളപ്പിൽ ആശംസകൾ നേർന്നു.പയ്യോളി പോലീസ് സ്റ്റേഷനും, കോടതിയും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. പ്രവർത്തനങ്ങളിൽ, വ്യാപാരി വ്യവസായി ഏകോപന സമിതി, ഹരിതകർമസേന, കുടുംബശ്രീ, എന്‍ എസ് എസ് , ലയൺസ്, റോട്ടറി, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സന്നദ്ധ സംഘടനാ പ്രതിനിധികൾ, എന്നിവരെ ഉൾപ്പെടുന്ന പല വിഭാഗങ്ങളും പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe