മണിപ്പൂരിന് സഹായവുമായി എം കെ സ്റ്റാലിൻ; 10 കോടി രൂപയുടെ അവശ്യസാധനങ്ങൾ അയക്കാമെന്ന് കത്ത്

news image
Aug 1, 2023, 2:24 pm GMT+0000 payyolionline.in

ചെന്നൈ: മണിപ്പൂരിന് സഹായ വാഗ്ദാനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. പത്തു കോടി രൂപയുടെ അവശ്യസാധനങ്ങൾ അയക്കാം എന്ന് അറിയിച്ച് മണിപ്പൂർ മുഖ്യമന്ത്രിക്ക് സ്റ്റാലിൻ കത്ത് അയച്ചു. മണിപ്പൂർ അനുവദിച്ചാൽ സഹായം നൽകുമെന്ന് സ്റ്റാലിൻ പറഞ്ഞു. സംസ്ഥാനത്തെ അസാധാരണ സാഹചര്യത്തിൽ സഹായം നൽകാൻ തയ്യാറെന്നും കത്തിൽ വ്യക്തമാക്കുന്നു.

അതേ സമയം, മണിപ്പൂരിലെ ക്രമസമാധാനവും ഭരണസംവിധാനവും പൂർണ്ണമായി തകർന്നില്ലേ എന്ന് സുപ്രീംകോടതി ചോദിച്ചു. ക്രമസമാധാനം പൂർണ്ണമായി തകർന്നിടത്ത് എങ്ങനെ നീതി നടപ്പാകും എന്ന് കോടതി ചോദിച്ചു. സിബിഐ അന്വേഷണത്തെ എതിർത്ത് കൂട്ടബലാൽസംഗത്തിന് ഇരയായവർ നൽകിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം. സ്ഥിതി മെച്ചപ്പെട്ടു എന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.
കേന്ദ്രം നൽകിയ റിപ്പോർട്ടിലെ അതിജീവിതകളുടെ പേര് പുറത്തു പോകരുതെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. സംസ്ഥാനത്ത് ക്രമസമാധാനം ഒട്ടും ബാക്കിയില്ലെന്ന് കോടതി പരാമര്‍ശിച്ചു. മണിപ്പൂർ പൊലീസ് എങ്ങനെ കേസുകൾ അന്വേഷിക്കും. സ്ത്രീകൾക്കെതിരായ അതിക്രമത്തിൽ ആകെ അറസ്റ്റ് 7 എന്ന് സംസ്ഥാനം സമ്മതിച്ചു. ഒരു വിഭാഗം കൂടുതൽ ശബ്ദം ഉയർത്തുന്നു. എല്ലാ സത്യവും ഇപ്പോൾ പറയാനാവില്ലെന്ന് സോളിസിറ്റർ ജനറൽ വ്യക്തമാക്കി.

6500 എഫ്ഐആറുകളിൽ ഗുരുതര കേസുകൾ തരം തിരിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. ഇവയുടെ അന്വേഷണത്തിന് സംവിധാനം വേണം. പൊലീസിനെ കൊണ്ട് ഇതിന് കഴിയില്ല. ബലാൽസംഗക്കേസിൽ പോലീസ് നിഷ്ക്രിയമായിരുന്നു. സിബിഐക്ക് എത്ര കേസുകൾ അന്വേഷിക്കാനാകുമെന്ന് അറിയിക്കണം. മണിപ്പൂർ ഡിജിപിയോട് നേരിട്ട് ഹാജരാകാൻ സുുപ്രീംകോടതി നിർദ്ദേശിച്ചു.

സ്ത്രീകൾക്കെതിരെയുള്ള അതിക്രമത്തിന്‍റെ  11 കേസുകൾ സിബിഐക്ക് വിടാമെന്ന് മണിപ്പൂർ സർക്കാർ അറിയിച്ചു. നീതി നടപ്പാക്കുന്നതിനും  അന്വേഷണത്തിനും ഉന്നതാധികാര സമിതി ആലോചിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. മുൻ ജഡ്ജിമാരുൾപ്പെട്ട സമിതിയാണ് ആലോചിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. മണിപ്പൂർ കേസ് സുപ്രീംകോടതി വീണ്ടും തിങ്കളാഴ്ച കേൾക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe