പയ്യോളിയിൽ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി കേന്ദ്രം ഉദ്ഘാടനം ചെയ്തു; ഹരിതകർമ്മ സേനയുടെ പ്രവർത്തനം മെച്ചപ്പെടും

news image
Sep 1, 2023, 2:46 pm GMT+0000 payyolionline.in

പയ്യോളി : നഗരസഭ മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി കേന്ദ്രം എം ആർ എഫ് കേന്ദ്രം ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ് എം ആർ എഫ് ന്റെ ഉദ്ലാടനം നിർവ്വഹിച്ചു. അജൈവ പാഴ് വസ്തുക്കൾ നഗരസഭയിൽ പരിപാലനം നടത്തിവരുന്ന ഹരിത കർമ്മസേനയുടെ പ്രവർത്തനം മെച്ചപ്പെടുത്താനും വരുമാന വർദ്ധനവിനും എം ആർ എഫ് ഏറെ ഗുണം ചെയ്യും. നഗരസഭയിലെ ഡിവിഷൻ 36 ലെ കോട്ടക്കടപ്പുറത്തെ ശ്മശാനത്തിനോട് ചേർന്നാണ് കേന്ദ്രം നിർമ്മിച്ചത്. 92,77, 500/- രൂപ ചിലവഴിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്. ഇതിൽ 8377500/- രൂപ കേന്ദ്ര ധനകാര്യ കമ്മീഷൻ ടൈഡ് ഫണ്ടും 9,00,000/- രൂപ നഗരസഞ്ചയം ഫണ്ടുമാണ്. കൂടാതെ ട്രാൻസ്ഫോർമർ സ്ഥാപിക്കാൻ 10 ലക്ഷം വകയിരുത്തിയിട്ടുമുണ്ട്. വിശാലമായ കോമ്പൗണ്ടിലാണ് കെട്ടിടം . ചുറ്റുമതിൽ കെട്ടി നിലത്ത് ഇന്റർലോക്ക് പാകി വലിയ ലോറികൾക്കും എളുപ്പത്തിൽ പ്രവേശിക്കാവുന്ന തരത്തിലാണ് എം ആർ എഫ് നിർമ്മിച്ചത്. ഹരിത കർമ്മസേനയുടെ ഓഫീസ് പ്രവർത്തനത്തിനുള്ള മുറി ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. സേനാംഗങ്ങൾക്ക് ഭക്ഷണം കഴിക്കുന്നതിനും പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്. 3500 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് കെട്ടിട നിർമ്മാണം നടത്തിയത്.

മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി കേന്ദ്രം നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ് ഉദ്ഘാടനം ചെയ്യുന്നു

 

പാഴ് വസ്തുക്കൾ വിവിധ തരങ്ങളായി സൂക്ഷിക്കാൻ പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്. സി സി ടി വി കവറേജും കേന്ദ്രത്തിനുണ്ട്. തരം തിരിച്ച പ്ലാസ്റ്റിക്ക് വസ്തുക്കൾ അടുക്കുകളായി സൂക്ഷിക്കാൻ ബെയ്ലിംഗ് മെഷീൻ സ്ഥാപിച്ചിട്ടുണ്ട്. സോട്ടിംഗ് ടേബിളുകളും ഓഫീസ് ഫർണ്ണിച്ചറുകളും ആവശ്യമായ കസേരകളും അലമാരകളും ഉണ്ട്. എം ആർ എഫ് കേന്ദ്രം സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും യന്ത്രങ്ങൾ സ്ഥാപിക്കുന്നതിനും കേരള ഖരമാലിന്യ പരിപാലന പദ്ധതി  പ്രകാരം 20,53 ,900/- രൂപ വകയിരുത്തിയിട്ടുണ്ട്.
ആകെ 1 കോടി 23 ലക്ഷമാണ് എം ആർ എഫ് ന് ചിലവ്. സമീപവാസികളുടെ എതിർപ്പ്മൂലം 8 വർഷമായി മുടങ്ങിക്കിടന്ന പദ്ധതിയാണ് നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖിന്റെ ഇടപെടൽ മൂലം യാഥാർത്ഥ്യമായത്. ഡിവിഷൻ 36 ലെ കൗൺസിലർ നിഷാ ഗിരീഷിന്റെയും ഇടപെടൽ നഗരസഭയ്ക്ക് സഹായകരമായി.
ചടങ്ങിൽ വൈസ് ചെയർ പേഴ്സൺ സി.പി ഫാത്തിമ അധ്യക്ഷത വഹിച്ചു.

വികസന സ്ഥിരം സമിതി ചെയർമാൻ പി.എം ഹരിദാസ് , ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ സുജല ചെത്തിൽ, ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ വി.കെ അബ്ദുറഹിമാൻ , വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ കെ.ടി വിനോദ് , ടി.ചന്തു മാസ്റ്റർ, നിഷാ ഗിരീഷ് ആസൂത്രണ സമിതി ഉപാധ്യക്ഷൻ മഠത്തിൽ നാണു മാസ്റ്റർ, സബീഷ് കുന്നങ്ങോത്ത് ,എൻ.ടി.രാജൻ, ബഷീർ മേലടി , രാജൻ കൊളാവി, ഇരിങ്ങൽ അനിൽകുമാർ , പ്രജീഷ് കോട്ടക്കൽ , ബിനീഷ് ഹരികർമ്മസേന പ്രസിഡന്റ് പി.എം രാധ, സെക്രട്ടറി ബിന്ദു കെ.സി എന്നിവർ സംസാരിച്ചു. നഗരസഭ സെക്രട്ടറി വിജില. എം സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ ടി.പി പ്രജീഷ് കുമാർ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe