പയ്യോളി: പയ്യോളി മഹാവിഷ്ണു ക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദശി മഹോത്സവത്തിന്റെ ഭാഗമായി പെരുവനം കുട്ടൻ മാരാരും സംഘവും അവതരിപ്പിച്ച മേള വിസ്മയം പയ്യോളിക്കാർക്ക് കുളിർമഴയായി. കുട്ടന്മാരാരുടെ മുഖ്യ മേള പ്രമാണത്തിൽ മലബാറിലെ വാദ്യ കുലപതികളായ ചെറുതാഴം ചന്ദ്രൻ മാരാർ, കലാമണ്ഡലം ശിവദാസ്, കാഞ്ഞിലശ്ശേരി വിനോദ് മുചുകുന്ന്, ശശി വെളിയന്നൂർ, സത്യൻ കടമേരി, ഉണ്ണികൃഷ്ണൻ വളപ്പായ, നന്ദൻ വരവൂർ, വേണു കാഞ്ഞിലശ്ശേരി, അരവിന്ദൻ എന്നിവർ ഉൾപ്പെടെ 101 അംഗ വാദ്യസംഘം രണ്ടുമണിക്കൂറിലേറെ അവതരിപ്പിച്ച പഞ്ചാരിമേളം നവ്യാനുഭവമായി.
ചെമ്പട കൊട്ടി പത്തികാലത്തിൽ തുടങ്ങി ഓരോ കാലവും പിന്നിടുമ്പോൾ മേള പ്രേമികൾ ആകാശത്തിൽ താളമിട്ടും ആർപ്പുവിളിച്ചും മേളക്കാരെ പ്രോത്സാഹിപ്പിച്ചു.