തിരുവനന്തപുരം: കെ റെയിൽ മാറ്റങ്ങളോടെ നടപ്പിലാക്കാൻ സംസ്ഥാന സർക്കാരിന് നിർദേശങ്ങൾ നൽകുമെന്ന് മെട്രോമാൻ ഇ ശ്രീധരൻ പറഞ്ഞു. അണ്ടർ ഗ്രൗണ്ട്, എലവേറ്റർ രീതിയിൽ പദ്ധതി നടപ്പാക്കാമെന്ന നിർദേശങ്ങൾ സർക്കാരിന് നൽകും. റെയിൽ വികസന പദ്ധതികളിലെ തടസങ്ങൾ ചർച്ച ചെയ്യാൻ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസ് ഇന്ന് ഇ ശ്രീധരനെ പൊന്നാനിയിലെത്തി കണ്ടിരുന്നു.
കെ റെയില് വീണ്ടും ട്രാക്കിലാക്കുകയാണ് സംസ്ഥാന സര്ക്കാര്. പദ്ധതിക്കെതിരെ കടുത്ത നിലപാടായിരുന്നു നേരത്തെ ഇ ശ്രീധരന് ഉണ്ടായിരുന്നത്. കെ റെയിൽ നിലവിലെ രീതിയിൽ പ്രായോഗികമല്ലെങ്കിലും മാറ്റങ്ങളോടെ നടപ്പിലാക്കാം എന്നാണ് ഇ ശ്രീധരന്റെ ഇപ്പോഴത്തെ നിലപാട്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് ഉപദേശവും നൽകും. ഹൈസ്പീഡ്, സെമി ഹൈസ്പീഡ് ട്രെയിനുകൾ കേരളത്തിന് ആവശ്യമാണ്. അണ്ടർ ഗ്രൗണ്ട്, എലവേറ്റർ രീതിയിൽ പദ്ധതി നാപ്പിലാക്കാമെന്ന് ഇ ശ്രീധരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഇങ്ങനെ വരുമ്പോൾ ചെലവും സ്ഥലം ഏറ്റെടുക്കലും കുറയുമെന്നും ഇക്കാര്യങ്ങൾ അടങ്ങിയ നിർദേശങ്ങൾ കെ വി തോമസ് വഴി സർക്കാരിന് സമർപ്പിക്കുമെന്നും ശ്രീധരൻ പറഞ്ഞു.
സർക്കാർ തലത്തിൽ മറ്റ് ചർച്ചകൾ ഒന്നും നടന്നിട്ടില്ല. ആദ്യമായിട്ടാണ് കെ റെയിലിൽ തന്റെ ഉപദേശം തേടുന്നത് എന്നും ഇ ശ്രീധരൻ വ്യക്തമാക്കി. ഇ ശ്രീധരനെ ഒപ്പം കൂട്ടി കെ റെയിൽ ട്രക്കിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം കെ വി തോമസ് ഇന്ന് ശ്രീധരന്റെ പൊന്നാനിയിലെ വീട്ടിൽ എത്തിയത്. ഒരു മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു. മറ്റ് റെയിൽവേ പ്രശ്നങ്ങളും ചർച്ചയായി.