കൊൽക്കത്ത: പശ്ചിമബംഗാളിലെ ഉത്തർ ദിനജ്പൂരിൽ കൂട്ട ബലാൽസംഗത്തിനിരയാക്കി കൊല്ലപ്പെടുത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മൃതദേഹം പൊലീസ് വലിച്ചിഴച്ചു കൊണ്ടുപോയതായി പരാതി. പോലീസ് ഉദ്യോഗസ്ഥർ മൃതദേഹം വലിച്ചിഴച്ചു കൊണ്ടുപോകുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചു. വിഷയത്തിൽ സ്വമേധയാ കേസെടുത്തു വനിതാ കമ്മീഷൻ. കമ്മീഷൻ ഡിജിപിക്ക് കത്തയച്ചു.
സംഭവത്തിൽ പ്രദേശത്ത് പ്രതിഷേധം ശക്തമാണ്. നാട്ടുകാർ റോഡ് ഉപരോധിച്ചു. പ്രതിഷേധം അക്രമാസക്തമായതോടെ പൊലീസ് ലാത്തിവീശി. വ്യാഴാഴ്ചയാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. രാജ്ബോങ്ഷി വിഭാഗത്തിൽ നിന്നുള്ള പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. ബംഗാളിൽ ക്രമസമാധാന നില തകർന്നിരിക്കുകയാണെന്ന് പ്രതിപക്ഷമായ ബിജെപി കുറ്റപ്പെടുത്തി.