പയ്യോളി : ഉലമാക്കളും ഉമറാക്കളും തമ്മിലുള്ള ബന്ധം കൂടുതൽ സുദൃഢമാക്കേണ്ട സാഹചര്യം സംജാതമായിരിക്കുകയാണെന്ന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ. സമസ്ത കേരള മദ്രസ്സ മാനേജ്മെന്റ് അസോസിയേഷൻ പയ്യോളി റെയ്ഞ്ച് കമ്മിറ്റി സംഘടിപ്പിച്ച സ്നേഹാദരം പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്രസ്സാ അധ്യാപകരായ ഉസ്താദുമാർ ചെയ്യുന്ന സേവനങ്ങൾ സമാനതകളില്ലാത്തതാണെന്നും എന്നാൽ തുച്ഛമായ വരുമാനം കൊണ്ടാണ് അവർ ജീവിതം മുന്നോട്ട് കൊണ്ട് പോവുന്നത്. ഈ സാഹചര്യത്തിൽ മാനേജ്മെന്റ് കമ്മിറ്റി നൽകിയ അംഗീകാരം പ്രശംസനീയമാണെന്നും തുടർന്നും ഇത് പോലുള്ള കൂട്ടായ പ്രവർത്തനങ്ങളിലൂടെ മുന്നോട്ട് പോവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ പയ്യോളി റെയ്ഞ്ചിലെ മുഴുവൻ ഉസ്താദുമാരെയും ആദരിക്കുകയും അവർക്ക് റമളാനിലേക്കുള്ള ഭക്ഷണ കിറ്റും വിതരണം ചെയ്തു. പരിപാടിയിൽ സി ടി അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. അബൂബക്കർ ഫൈസി മലയമ്മ മുഖ്യ പ്രഭാഷണം നടത്തി. അൻസാർ കൊല്ലം, അബ്ദുറഹ്മാൻ മാസ്റ്റർ ചാവട്ട്,എസ് എം അബ്ദുൽ ബാസിത്, അഷ്റഫ് കോട്ടക്കൽ, അസ്സു തോട്ടത്തിൽ, അബ്ദുറഹ്മാൻ മുസ്ലിയാർ, അർഷാദ് ദാരിമി,ടി വി അഷ്റഫ് ,വി കെ ഹമീദ്, ഷഫീക് കാരേക്കാട്, കെ വി ഹുസൈൻ, വി കെ സിറാജ്, ഫജറുദ്ധീൻ,എസ് കെ ഹാരിസ്, എ ടി റഹ്മത്തുള്ള, എം ടി നസീർ, എസ് കെ മുഹമ്മദ് റാഫി, കെ പി സിറഹ്മാൻ എന്നിവർ സംബന്ധിച്ചു.