പോസ്റ്റ് ഓഫീസ് നിക്ഷേപ പണം ‘സ്വന്തം അക്കൗണ്ടിലേക്ക്’, പോസ്റ്റ് മാസ്റ്റര്‍ തിരിമറി നടത്തിയത് ലക്ഷങ്ങൾ, അറസ്റ്റ്

news image
Apr 8, 2023, 4:45 pm GMT+0000 payyolionline.in

ആലപ്പുഴ: പോസ്റ്റോഫീസിൽ സാമ്പത്തിക ക്രമക്കേട് നടത്തിയ പോസ്റ്റ് മാസ്റ്ററെ അറസ്റ്റ് ചെയ്തു. മാരാരിക്കുളം വടക്ക് പോസ്റ്റോഫീസിൽ ഗ്രാമീണ ടാക്ക് സേവക് സർവ്വീസ് (പോസ്റ്റു മാസ്റ്റർ) ആയി ജോലിചെയ്തിരുന്ന പള്ളിപ്പുറം പഞ്ചായത്ത് 15-ാം വാർഡിൽ പാമ്പുംതറയിൽ വീട്ടിൽ അമിത നാഥിനെ (29) ആണ് മാരാരിക്കുളം പൊലീസ് അറസ്റ്റ് ചെയ്തത്.

മാരാരിക്കുളം പോസ്റ്റോഫീസിൽ ടിഡി, എസ് എസ് എ, ആര്‍ ഡി, എസ് ബി, പിപിഎഫ് തുടങ്ങിയ നിക്ഷേപ പദ്ധതികളിലായി ഒരു വർഷത്തേയ്ക്കും അഞ്ചു വർഷത്തേയ്ക്കും നിക്ഷേപിച്ചിട്ടുള്ള 21 ലക്ഷത്തോളം രുപ തിരിമറി നടത്തി. കൂടാതെ നിക്ഷേപകർക്ക് വ്യാജ അക്കൗണ്ട് നമ്പരുകൾ സ്വന്തം കൈപ്പടയിൽ എഴുതി നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചു.

പോസ്റ്റ് ഓഫീസിൽ പണം അടയ്ക്കുന്ന ആര്‍ഐടിസി മെഷീൻ വഴി അടയ്ക്കാതെ നിക്ഷേപം അക്കൗണ്ട് ബുക്കിൽ രേഖപ്പെടുത്തി ഓഫീസ് സീൽ പതിച്ചു കൊടുക്കുകയായിരുന്നു. മാരാരിക്കുളം പോലീസ് സ്റ്റേഷനിൽ ഇവര്‍ക്കെതിരെ രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

മാരാരിക്കുളം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ വി ബിജുവിന്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ ഇ എം സജീർ, ജാക്സൺ, സീനിയർ സിവിൽ പൊലീസ് ഓഫീസറായ ലതി, മഞ്ജുള എന്നിവർ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കേസില്‍ കൂടുതൽ ആളുകൾ സാമ്പത്തിക തട്ടിപ്പിനു ഇരയായിട്ടുണ്ടോയെന്ന അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe