2,000 കോടിയുടെ ലഹരിക്കടത്ത്: സിനിമാ നിർമാതാവ് ജാഫർ സാദിഖ് അറസ്റ്റിൽ; ഡിഎംകെയുമായി അടുത്ത ബന്ധം

news image
Mar 9, 2024, 11:20 am GMT+0000 payyolionline.in

ന്യൂഡൽഹി∙ ഇന്ത്യയിൽനിന്ന് വിദേശത്തേക്ക് 2,000 കോടി രൂപയുടെ ലഹരിമരുന്ന് കടത്തിയെന്ന കേസിൽ തമിഴ് സിനിമാ നിർമാതാവ് ജാഫർ സാദിഖിനെ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റു ചെയ്തു. ലഹരിവസ്തുക്കൾ നിർമിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കളുമായി 3 തമിഴ്നാട് സ്വദേശികളെ കഴിഞ്ഞമാസം എൻസിബി ഡൽഹിയിൽ പിടികൂടിയിരുന്നു. ഇവരിൽനിന്നാണ് ജാഫർ സാദിഖിന് ലഹരിക്കടത്തിൽ നിർണായക പങ്കുണ്ടെന്ന സൂചന ലഭിച്ചത്. പിന്നാലെ നടത്തിയ അന്വേഷണങ്ങൾക്ക് ഒടുവിലാണ് ഇയാളെ അറസ്റ്റു ചെയ്തത്.

 

ഇന്ത്യയിൽനിന്ന് ഓസ്ട്രേലിയയിലേക്കും ന്യൂസീലൻഡിലേക്കും ലഹരി കടത്തുന്നതിന്റെ സൂത്രധാരൻ ജാഫർ സാദിഖാണെന്ന് എൻസിബി കണ്ടെത്തി. ഈ മേഖലയിൽ ലഹരി വ്യാപാരം നടത്തുന്ന ‘ഡ്രഗ് സിൻഡിക്കേറ്റി’ന്റെ തലവനാണ് ഇയാളെന്നും എൻസിബി പറയുന്നു. ഗുരുതര കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിൽ ഇയാളുടെ എട്ട് ബാങ്ക് അക്കൗണ്ടുകൾ‌ മരവിപ്പിച്ചു. 45 പാഴ്സലുകളിലായി 3,500 കിലോ സ്യൂഡോഫെഡ്രിൻ ജാഫർ ഓസ്ട്രേലിയയിലേക്ക് അയച്ചെന്ന് എൻസിബി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഗ്യാനേശ്വർ സിങ് വ്യക്തമാക്കി. തേങ്ങയിലും ഉണക്കിയ പഴങ്ങളിലും ഒളിപ്പിച്ചാണ് ഇയാൾ സ്യൂഡോഫെഡ്രിൻ കടത്തിയത്. മെത്താംഫെറ്റമിൻ, ക്രിസ്റ്റല്‍ മെത്ത് ഉൾപ്പെടെയുള്ള മാരക ലഹരി മരുന്നുകൾ നിർമിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുവാണിത്.

ലഹരിക്കടത്തിലൂടെ കോടികള്‍ സമ്പാദിച്ച ജാഫർ സിനിമാ നിർമാണത്തിനു പുറമെ റിയൽ എസ്റ്റേറ്റിലും ഈ തുക നിക്ഷേപിച്ചതായി എൻസിബി കണ്ടെത്തിയിട്ടുണ്ട്. ജാഫറിന്റെ ലഹരിക്കടത്ത് ശൃംഖലയിൽ ഉൾപ്പെട്ട രണ്ടു പേർ കഴിഞ്ഞയാഴ്ച മധുരയിൽ അറസ്റ്റിലായിരുന്നു. 180 കോടി രൂപ വിലമതിക്കുന്ന 36 കിലോ മെത്താംഫെറ്റമിൻ കടത്തുകയായിരുന്ന രണ്ടുപേരെ ട്രെയിനിൽവച്ചാണ് പിടികൂടിയത്. ശ്രീലങ്കയിലേക്ക് ലഹരി കടത്താനായിരുന്നു ഇവരുടെ നീക്കം. എൻസിബി അന്വേഷണം ആരംഭിച്ചതിനു പിന്നാലെ തമിഴ്നാട്ടിൽ‌നിന്ന് തിരുവനന്തപുരത്തെത്തിയ ജാഫർ‌ സാദിഖ് പിന്നീട് മുംബൈ, പുണെ വഴി ജയ്പുരിലേക്ക് കടന്നിരുന്നു.

തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെയുമായി ജാഫർ സാദിഖിന് അടുത്ത ബന്ധമുണ്ടായിരുന്നു. 2010ൽ ചെന്നൈ വെസ്റ്റിൽ ഡിഎംകെയുടെ എൻആർഐ വിങ്ങിന്റെ ഡെപ്യൂട്ടി ഓർഗനൈസറായാണ് രാഷ്ട്രീയ രംഗത്തെത്തിയത്. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് ആരോപണമുയരുകയും അന്വേഷണം നേരിടുകയും ചെയ്തതോടെ കഴിഞ്ഞ മാസം പാർട്ടിയിൽനിന്ന് പുറത്താക്കി. ഇയാൾ പിടിയിലായതോടെ ഡിഎംകെയ്ക്കു നേരെ രൂക്ഷവിമർശനവുമായി ബിജെപി രംഗത്തുവന്നു. തമിഴ്നാട് രാജ്യത്തെ ലഹരിമരുന്ന് കടത്തിന്റെ കേന്ദ്രമായെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ വിമർശിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe